ഈ ഡ്രൈവര്‍ക്ക് ബാഡ്ജും ലൈസന്‍സുമുണ്ട്, കൂടെ അധിക യോഗ്യതയായി ഒരു ‘ഐഎഎസും’; വൈറലായി കെഎസ്ആര്‍ടിസിയുടെ പുതിയ ഡ്രൈവര്‍-വീഡിയോ

കേരളത്തിലെ ഏറ്റവും വലിയ ബസ് ഓപ്പറേറ്റര്‍ ആയ കെഎസ്ആര്‍ടിസിയുടെ തലപ്പത്തേക്ക് നിരവധി ഉദ്യോഗസ്ഥരാണ് എത്തിയിട്ടുള്ളത്. എന്നാല്‍ അതില്‍ ബാഡ്ജും ഹെവി ലൈസന്‍സും ഉള്ള മേധാവികള്‍ ചുരുക്കമായിരുന്നു. കെഎസ്ആര്‍ടിസിയുടെ ആദ്യ സാരഥിയായ ഇ. ജി. സാള്‍ട്ടറിന് ശേഷം കെഎസ്ആര്‍ടിസി തലപ്പത്തേക്ക് വന്ന സാരഥികളില്‍ ബസ് ഓടിക്കാന്‍ അറിയുന്നവര്‍ ചുരുക്കമായിരുന്നു.

എന്നാല്‍, നിലവിലെ കെഎസ്ആര്‍ടിസി എം.ഡി ബിജു പ്രഭാകറിന് ഐഎഎസ് മാത്രമല്ല, ഹെവി ലൈസന്‍സും ഉണ്ട്. അദ്ദേഹം ബസ് ഓടിക്കുന്ന വിഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക് പേജിലൂടെയാണ് ബിജു പ്രഭാകര്‍ ബസ് ഓടിക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്:

വാഹനങ്ങള്‍ ഓടിക്കുക എന്നത് ഒരു കലയാണ്.ചിലര്‍ക്ക് അത് ജോലിയും കൂടിയാണ്.കേരളത്തിലെ ഏറ്റവും വലിയ ബസ് ഓപ്പറേറ്റര്‍ കെ.എസ്.ആര്‍.ടി സി യാണ്. പൊതുജനങ്ങളുമായി ഇടപെടുന്ന ഈ സ്ഥാപനത്തിന്റെ സാരഥ്യത്തിലേക്ക് വൈവിധ്യമാര്‍ന്ന വ്യക്തിത്വങ്ങള്‍ കടന്നു വന്നിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി യുടെ പൈതൃകം നോക്കിയാല്‍ ആദ്യത്തെ സാരഥി ആയ ഇ. ജി. സാള്‍ട്ടര്‍ ബസ് ഓടിച്ചാണ് തിരുവിതാംകൂറിലെ സര്‍ക്കാര്‍ പൊതു ഗതാഗതത്തിന് തുടക്കം കുറിച്ചതു തന്നെ. പിന്‍ഗാമികളായി നാളിതു വരെ വന്നവരില്‍ നന്നായി കോര്‍പ്പറേഷനെ നയിച്ചവര്‍ ഉണ്ടായിരുന്നെങ്കിലും ബസ് ഓടിക്കാന്‍ അറിയാവുന്നവര്‍ വിരളമായിരുന്നു, ഇല്ല എന്നു തന്നെ പറയാം.

ഞങ്ങള്‍ ഈ വീഡിയോയിലൂടെ ഒരു ഡ്രൈവറെ അവതരിപ്പിക്കുന്നു. ഇദ്ദേഹത്തിന് നിയമം അനുശാസിക്കുന്ന തരത്തില്‍ ഹെവിവാഹനം ഓടിക്കാന്‍ ബാഡ്ജും ലൈസന്‍സും ഉണ്ട്, കൂടെ അധിക യോഗ്യതയായി IAS ഉം.ആ ഡ്രൈവറെ അഭിമാന പുരസ്സരം നിങ്ങള്‍ക്ക് മുന്‍പില്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നു.
ടീം കെഎസ്ആര്‍ടിസി.

Exit mobile version