കര്‍ണാടക ഉപമുഖ്യമന്ത്രി സിഎന്‍ അശ്വന്ത് നാരായണന് കൊവിഡ് സ്ഥിരീകരിച്ചു

ബംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി സിഎന്‍ അശ്വന്ത് നാരായണന് കൊവിഡ് സ്ഥിരീകരിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
മന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മന്ത്രി അറിയിച്ചു. ഹോം ഐസലേഷനില്‍ പോവുകയാണെന്നും താനുമായി സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി കുറിച്ചു.

നിയമസഭാ സമ്മേളനത്തിന് എത്തുന്ന എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രമേ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കുള്ളൂവെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളില്‍ ആഭ്യന്തര മന്ത്രി ബസവരാജ് ബോമ്മാനി, ഭക്ഷ്യ വകുപ്പ് മന്ത്രി ഗോപാലയ്യ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

നേരത്തെ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. അതേസമയം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം കടന്നു.വെള്ളിയാഴ്ച 8626 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 179 പേര്‍ മരിച്ചു. ഇതോടെ 7808 പേര്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചു.

Exit mobile version