150 വര്‍ഷത്തിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സെപ്റ്റംബറായേക്കും ഇത്തവണത്തേത്; മുന്നറിയിപ്പുമായി തമിഴ്‌നാട് വെതര്‍മാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷകന്‍ തമിഴ്‌നാട് വെതര്‍മാന്‍. 150 വര്‍ഷത്തിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സെപ്റ്റംബറായേക്കും ഈ വര്‍ഷത്തേതെന്നും വ്യക്തമാക്കി.

കാലവര്‍ഷത്തില്‍ 2300 മില്ലിമീറ്റര്‍ എന്ന ‘ഹാട്രിക്’ നേടാനും സാധ്യതയുണ്ടെന്നും കഴിഞ്ഞ ആഴ്ചയില്‍ വെതര്‍മാന്‍ ട്വീറ്റ് ചെയ്തിരുന്നു. 2018 ല്‍ 2517 മില്ലീമീറ്ററും 2019 ല്‍ 2310 മിറ്റീമീറ്ററും മഴ സംസ്ഥാനത്ത് ലഭിച്ചിരുന്നു. കേരളത്തില്‍ ബുധനാഴ്ചവരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പും അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണമാകുന്നത്. ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പുമുണ്ട്. ബുധനാഴ്ചവരെ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

ഇടുക്കി , കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ( ഞായറാഴ്ച) എറണാകുളം, ഇടുക്കി, മലപ്പുറം , കോഴിക്കോട് , വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടുമുണ്ട്. മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.

Exit mobile version