എറണാകുളത്ത് എന്‍ഐഎ റെയ്ഡ്; മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: എറണാകുളത്ത് നിന്നും അല്‍ ഖ്വയ്ദ തീവ്രവാദ ഗ്രൂപ്പില്‍പ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി. ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കേരളത്തില്‍നിന്നും പിടിയിലായ മൂന്ന് പേര്‍. മൂന്ന് പേരും ബംഗാള്‍ സ്വദേശികളാണ്. പെരുമ്പാവൂരില്‍ കുടുംബമായി ജീവിക്കുകയായിരുന്നു ഇവര്‍. വ്യാജരേഖ നിര്‍മ്മിച്ചാണ് കേരളത്തില്‍ താമസിച്ചത്.

ഇന്ന് പുലര്‍ച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡുകളില്‍ ഒമ്പത് അല്‍ ഖ്വയ്ദ തീവ്രവാദികളെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ആറ് പേരെ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നും മൂന്ന് പേരെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എന്‍ഐഎ അറിയിച്ചു.

ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഡിജിറ്റല്‍ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍ഐ അറിയിച്ചു. ഡല്‍ഹിയടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകളില്‍ ആക്രമണം നടത്താന്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.

Exit mobile version