പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന സമരങ്ങള്‍ കേരളത്തില്‍ കൊവിഡ് വ്യാപിപ്പിക്കുന്നു; കോടിയേരി

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന സമരങ്ങള്‍ കേരളത്തില്‍ കൊവിഡ് വ്യാപിപ്പിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. സാക്ഷിയായി വിളിച്ചതിന്റെ പേരില്‍ കെടി ജലീല്‍ രാജിവെയ്ക്കില്ലെന്നും അതിന്റെ പേരില്‍ നടക്കുന്ന സമരങ്ങള്‍ എങ്ങും എത്താന്‍ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

കോണ്‍ഗ്രസും ബിജെപിയും സമരത്തിന്റെ മറവില്‍ നടത്തുന്നത് ഗുണ്ടാ ആക്രമണം ആണെന്നും കോടിയേരി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണവും ഉയര്‍ന്ന് വരികയാണ്. കൊവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. അതിന് ഇടയിലാണ് പ്രോട്ടോക്കോള്‍ പാലിക്കാതെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ദുരന്തനിവാരണ നിയമപ്രകാരം കേസ്സെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഇത് സംബന്ധിച്ച് പോലീസിന് നിര്‍ദ്ദേശം നല്‍കി.

കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെയുള്ള സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്ന് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാതെയുള്ള സമരങ്ങള്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ഇക്കാര്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പാലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും ഹൈകോടതി ഉത്തരവിട്ടിരുന്നു.

സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങളില്‍ എവിടെയും കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം. സമരം പലയിടങ്ങളിലും അക്രമാസക്തമാകുന്നുണ്ട്.

Exit mobile version