‘ഖുര്‍ആന്റെ മറവില്‍ ഇതു വേണോ’ മന്ത്രി കെടി ജലീലിന് പരോക്ഷ പിന്തുണയുമായി ഇകെ സുന്നി യുവജന നേതാവ്, നിലപാട് തികച്ചും വ്യക്തിപരമെന്ന് സത്താര്‍ പന്തല്ലൂര്‍

മലപ്പുറം: എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെടി ജലീലിന് പരോക്ഷ പിന്തുണയുമായി ഇകെ സുന്നി യുവജന വിഭാഗം നേതാവ് സത്താര്‍ പന്തലൂര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരോക്ഷ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മതത്തേയും മതചിഹ്നങ്ങളേയും വേട്ടയാടുകയാണെന്ന് സത്താര്‍ കുറിപ്പില്‍ ആരോപിച്ചു. യുഎഇയില്‍ നിന്ന് ഖുറാന്‍ കൊണ്ട് വന്നത് അന്വേഷിക്കണമെന്ന് പറഞ്ഞ് എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് നല്ല കാര്യമല്ലെന്നും സത്താര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, തന്റെ നിലപാട് തികച്ചും വ്യക്തിപരമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെടുത്തി ഒരു മന്ത്രിയുടെ രാജിക്കു വേണ്ടിയുള്ള സമരങ്ങള്‍ ശക്തമായി നടക്കുകയാണല്ലോ. രാഷ്ട്രീയത്തില്‍ ഇത്തരം ആരോപണങ്ങളും സമരങ്ങളും പതിവ് കാഴ്ചയാണ്. അത് അതിന്റെ വഴിക്ക് നടക്കട്ടെ. മന്ത്രി കുറ്റക്കാരനാണെങ്കില്‍ രാജിമാത്രമല്ല, തക്ക ശിക്ഷയും വേണമെന്നും സത്താര്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ഖുർആന്റെ
മറവിൽ
ഇതു വേണോ …

സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെടുത്തി ഒരു മന്ത്രിയുടെ രാജിക്കു വേണ്ടിയുള്ള സമരങ്ങൾ ശക്തമായി നടക്കുകയാണല്ലോ. രാഷ്ട്രീയത്തിൽ ഇത്തരം ആരോപണങ്ങളും സമരങ്ങളും പതിവ് കാഴ്ചയാണ്. അത് അതിൻ്റെ വഴിക്ക് നടക്കട്ടെ. മന്ത്രി കുറ്റക്കാരനാണെങ്കിൽ രാജിമാത്രമല്ല, തക്ക ശിക്ഷയും വേണം.
എന്നാൽ, ഇതിൻ്റെ മറവിൽ വിശുദ്ധ ഖുർആനെ അവഹേളിക്കാനും, കേരളവും യു.എ.ഇയുമായുള്ള നല്ല ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കാനും ഇവിടെ ശ്രമങ്ങൾ നടക്കുന്നു. അതിൻ്റെ ഭാഗമാണ് ‘ഈത്തപ്പഴവും ഖുർആനും വിതരണം ചെയ്ത് ജിഹാദ് നടത്തുകയാണ്’ എന്ന സംഘ് പരിവാർ പ്രചാരണം. മുമ്പൊരു വിവാദത്തിൽ മന്ത്രി ജയരാജനെ വേഗത്തിൽ രാജിവെപ്പിച്ചത് അദ്ദേഹം, ഹിന്ദുവായത് കൊണ്ടാണെന്നും ഇപ്പോഴത്തെ വിവാദമന്ത്രിയെ മുന്നണി സംരക്ഷിക്കുന്നത് മുസ് ലിം ആയത് കൊണ്ടാണെന്നും ചാനലുകളിൽ വന്നിരുന്നു ഇവർ പച്ചക്ക് വർഗീയത വിളമ്പുന്നു. മലയാള മനോരമ പോലുള്ള പ്രമുഖ പത്രങ്ങൾ ഖുർആൻ പ്രതീകാത്മക കാർട്ടൂൺ വരച്ച് അതിലേക്ക് ചൂണ്ടി ‘ഇതെല്ലാം കെട്ടുകഥയാ’ണെന്ന് ഷാർലി എബ്ദോ മോഡൽ സംസാരിക്കുന്നു. സമരങ്ങളിൽ സൂക്ഷ്മത പാലിക്കണമെന്നു പറയുമ്പോൾ എങ്കിൽ സ്വർണക്കടത്തിൽ അവരുടെ ബന്ധവും അന്വേഷിക്കണമെന്ന് പോലും പറയുന്നു. യു.എ.ഇ യിൽ നിന്ന് ഖുർആൻ കൊണ്ടുവന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞു എം.പിമാർ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നു.
ഇത് നല്ലൊരു കീഴ് വഴക്കമല്ല. ഈ വിഷയത്തെ മതവുമായി ബന്ധപ്പെടുത്തുന്നതും, ആ നിലക്ക് ചർച്ച കൊണ്ടു പോവുന്നതും മലയാളക്കരക്ക് അന്നം തരുന്ന യു.എ.ഇയുമായുള്ള നമ്മുടെ ബന്ധം വഷളാക്കുമെന്നു മാത്രമല്ല, ഭാവിയിൽ യു.എ.ഇ ബന്ധമുള്ള എല്ലാവരെയും സംശയത്തിൻ്റെ കണ്ണോടെ മാത്രം കാണാൻ ഇടവരുത്തുകയും ചെയ്യും. ‘ഖുർആൻ്റെ മറവിൽ സ്വർണം കടത്തി’ എന്ന ആരോപണം ശരിയാണെങ്കിൽ അത് തെളിയിക്കപ്പെടുകയും പ്രതികൾ ശിക്ഷിക്കപ്പെടുകയും വേണം. പക്ഷേ, അതിൻ്റെ മറവിൽ മതത്തെയും മത ചിഹ്നങ്ങളെയും വേട്ടയാടാനുള്ള ശ്രമങ്ങൾ അനുവദിച്ചുകൂടാ.
__സത്താർ പന്തലൂർ__

Exit mobile version