ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി; യുവി ജോസ് തദ്ദേശസ്വയംഭരണ വകുപ്പിലേക്ക്; ആഷാ തോമസ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തിൽ വ്യാപകമായ അഴിച്ചുപണി. പത്ത് ഐഎഎസ് ഉദ്യാഗസ്ഥരെയാണ് വകുപ്പുകളിൽ നിന്നും മാറ്റി നിയമിച്ചുകൊണ്ട് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. യുവി ജോസ്, ഡോ. ആഷാ തോമസ്, രാജേഷ് കുമാർ സിൻഹ, ഡോ. ബി അശോക്, സിഎ ലത, ഹരികിഷോർ തുടങ്ങിയ പത്ത് ഉദ്യോഗസ്ഥരെയാണ് മാറ്റി നിയമിക്കുന്നത്. വനംവന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കും. പാർലമെന്ററികാര്യ വകുപ്പിന്റെ അധിക ചുമതല കൂടി ഇവർ വഹിക്കും.

വിവരപൊതുജന സമ്പർക്ക വകുപ്പ് ഡയറക്ടർ യുവി ജോസിനെ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല തുടർന്നും വഹിക്കും.

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന രാജേഷ് കുമാർ സിൻഹയെ വനംവന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കും. ഇൻഡസ്ട്രീസ് (കാഷ്യൂ) പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും. സപ്ലൈക്കോ ചെയർമാൻ മാനേജിംഗ് ഡയറക്ടർ ഡോ. ബി അശോകിനെ റോഡ് സേഫ്റ്റി അതോറിറ്റി കമ്മീഷണറായും ലാന്റ് റവന്യൂ കമ്മീഷണർ സിഎ ലതയെ ഫിഷറീസ് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.

തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് എം കൗളിനെ ആഭ്യന്തരം വിജിലൻസ് വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം നിലവിൽ വഹിക്കുന്ന ചുമതലകൾ തുടർന്നും വഹിക്കും. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണ ഭട്ടിനെ സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. പ്രിന്റിംഗ് & സ്റ്റേഷനറി വകുപ്പിന്റെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ വിവര-പൊതുജന സമ്പര്‍ക്ക ഡയറക്ടറുടെ അധിക ചുമതല കൂടി വഹിക്കും. ഫിഷറീസ് ഡയറക്ടര്‍ എംജി രാജമാണിക്യത്തെ കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറായി മാറ്റി നിയമിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി കെ ബിജുവിനെ ലാന്റ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിക്കും. സ്‌പെഷ്യൽ സെക്രട്ടറി (ലാന്റ് അക്വിസിഷൻ) റവന്യൂ വകുപ്പിന്റെ അധിക ചുമതല തുടർന്നും വഹിക്കും.

Exit mobile version