പുറത്ത് പ്രതിഷേധവും ലാത്തിച്ചാര്‍ജും; അകത്ത് എഴുത്തിനിരുത്തും ചോറൂണും, ‘സൂപ്പര്‍ കൂളായി മന്ത്രി കെടി ജലീല്‍’

മലപ്പുറം: മന്ത്രി കെടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാനത്ത് സമരകോലാഹലങ്ങള്‍ കത്തിപ്പടരുമ്പോഴും സൂപ്പര്‍ കൂളായി മന്ത്രി കെടി ജലീല്‍. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ അക്രമ സമരം തുടരുമ്പോഴും എഴുത്തിനിരുത്തും ചോറൂണുമായി തിരക്കിലായിരുന്നു മന്ത്രി.

അയല്‍വാസിയും സുഹൃത്തുമായ കാവുംപുറം സ്വദേശി രഞ്ജിത് ഷിബില ദമ്പതികളുടെ മകന്‍ ആദം ഗുവേരയുടെ ചോറൂണാണ് മന്ത്രി വീട്ടില്‍ നടത്തിയത്. ഓണത്തിന് ചോറൂണ് നടത്തണമെന്നാണ് വിചാരിച്ചിരുന്നതെങ്കിലും മന്ത്രിക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ചടങ്ങ് ഇന്നത്തെക്ക് മാറ്റുകയായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു.മന്ത്രി ജലീലിനെക്കൊണ്ട് കുഞ്ഞിന്റ ചോറൂണ് ചടങ്ങ് നടത്തണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും രഞ്ജിത്ത് വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മന്ത്രി വളാഞ്ചേരിയിലെ വീട്ടിലെത്തിയത്. മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയിലേയ്ക്ക് വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലെയും പ്രതിഷേധപ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് മന്ത്രിയുടെ വീടിന് സമീപം വലിയ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുമുണ്ട്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് മൊഴിയെടുത്ത സംഭവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിക്കുന്നതിനിടെ സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല എന്ന് മന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു.

Exit mobile version