റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഭക്ഷ്യക്കിറ്റിനു പകരം തുല്യതുകയ്ക്കുള്ള കൂപ്പണ്‍ നല്‍കണം; കേരള സിവില്‍ സപ്ലൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റിനു പകരം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് തുല്യതുകയ്ക്കുള്ള കൂപ്പണ്‍ നല്‍കണമെന്ന് കേരള സിവില്‍ സപ്ലൈസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ശുപാര്‍ശ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും നിവേദനം നല്‍കി.

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 15 വരെ നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. കൂടാതെ നാലുമാസംകൂടി കിറ്റ് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സാധനങ്ങള്‍ കിറ്റാക്കി നല്‍കുന്നതിനുപകരം കൂപ്പണ്‍ നല്‍കിയാല്‍ വിതരണച്ചെലവിനത്തില്‍ ഒരുമാസം 16 മുതല്‍ 20 വരെ കോടിരൂപ ലാഭിക്കാമെന്നാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

കൂടാതെ അടുത്ത കിറ്റിന് ആവശ്യമായ സാധനങ്ങള്‍ സപ്ലൈകോ സംഭരിച്ച് തുടങ്ങിയിട്ടില്ല. കൂപ്പണ്‍ നല്‍കിയാല്‍ കിറ്റിന്റെ മൂല്യത്തെയും സാധനങ്ങളുടെ ഗുണനിലവാരത്തെയും അളവിനെയും സംബന്ധിച്ച പരാതികള്‍ ഒഴിവാക്കാനാകുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഉപഭോക്താവിന് കൂപ്പണ്‍ നല്‍കിയാല്‍ സൗകര്യപ്രദമായ സപ്ലൈകോ ഔട്ട്‌ലെറ്റില്‍നിന്ന് ഉപഭോക്താവിന് മരുന്നുകളോ ആവശ്യമുള്ള പലചരക്ക് സാധനങ്ങളോ വാങ്ങാനാകും. കൂപ്പണിന്റെ മൂല്യത്തില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങുന്ന സാഹചര്യം വഴി സപ്ലൈകോയുടെ വിറ്റുവരവ് വര്‍ധിക്കും.

കൂടാതെ കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങളുടെ ലഭ്യതക്കുറവ് മൂലം സമയബന്ധിതമായി വിതരണം ചെയ്യുന്നതില്‍ നേരിടുന്ന തടസ്സം ഒഴിവാക്കാം. സാമ്പത്തിക ഭദ്രതയുള്ളവര്‍ക്ക് കൂപ്പണ്‍ തിരികെനല്‍കി സര്‍ക്കാരിനെ സഹായിക്കാനാകുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Exit mobile version