തഹസിൽദാർ പോലും പരിഹസിച്ച് പുറത്താക്കി; ഒടുവിൽ നീതി ഉറപ്പു വരുത്തി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ; ബുദ്ധമത വിശ്വാസികൾക്ക് ന്യൂനപക്ഷ സർട്ടിഫിക്കറ്റ് ഉറപ്പാക്കി നടപടി

പാലക്കാട്: സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടേതായി ഉയരുന്ന എല്ലാവിധ പ്രശ്‌നങ്ങൾക്കും പരിഹാരം വേഗത്തിൽ കണ്ടെത്തി നൽകി മാതൃകയാവുകയാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. ബുദ്ധമത വിശ്വാസികളായ കേരളത്തിലെ കുടുംബങ്ങൾക്ക് ന്യൂനപക്ഷ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും അർഹരായ എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭ്യമാകുന്നുണ്ടെന്നു ഉറപ്പുവരുത്തുകയും ചെയ്ത സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് നന്ദി രേഖപ്പെടുത്തി കേരള മഹാബോധി മിഷനും ബുദ്ധിസ്റ്റ് കൗൺസിലും രംഗത്തെത്തി.

പാലക്കാട് സ്വദേശിയായ എൻ ഹരിദാസും കുടുംബവും നൽകിയ പരാതി പരിഗണിച്ചാണ് കേരള ന്യൂനപക്ഷ കമ്മീഷൻ മെമ്പർ അഡ്വ. മുഹമ്മദ് ഫൈസൽ ന്യൂനപക്ഷ സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉത്തരവിട്ടത്. 12 വർഷത്തിലേറെയായി ബുദ്ധമത വിശ്വാസികളായി തുടരുന്ന ഹരിദാസും കുടുംബവും ന്യൂനപക്ഷ സർട്ടിഫിക്കറ്റിനായി കയറി ഇറങ്ങാത്ത ഓഫീസുകളുണ്ടായിരുന്നില്ല. ഹരിദാസും ഭാര്യയും രണ്ട് പെൺമക്കളും ബുദ്ധമത വിശ്വാസികളാണെന്നും 2007ൽ രേഖാമൂലം ബുദ്ധധർമ്മ ദീക്ഷ സ്വീകരിച്ചെന്നും അറിയിച്ചിട്ടും പാലക്കാട് തഹസിൽദാർ പോലും പരിഹസിച്ച് പുറത്താക്കുകയാണ് ചെയ്തത്. പാലക്കാട് ബുദ്ധമത വിശ്വാസികളില്ലെന്നായിരുന്നു തഹസിൽദാറുടെ വാദം.

അതേസമയം, മക്കളുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഉൾപ്പടെ ബുദ്ധമതമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ന്യൂനപക്ഷ സർട്ടിഫിക്കറ്റിന് തന്റെ കുടുംബം അർഹരാണെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

ഇന്ത്യൻ പൗരന് ഇഷ്ടാനുസരണം മതം, പേര് എന്നിവ മാറുന്നതിനും അത് പ്രകാരം സർട്ടിഫിക്കറ്റുകളിൽ തിരുത്തൽ വരുത്തുന്നതിനും നിയമപരമായ സംരക്ഷണം ലഭിക്കുന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് ന്യൂനപക്ഷ കമ്മീഷൻ നടപടി കൈക്കൊണ്ടത്. രേഖകൾ പരിശോധിച്ചും വില്ലേജ് ഓഫീസർ വഴി നേരിട്ട് നടത്തിയ അന്വേഷണത്തിലും ഹരിദാസും കുടുംബവും ബുദ്ധമത വിശ്വാസികളാണെന്ന് സംശയങ്ങൾക്കിട നൽകാത്ത വിധം തെളിഞ്ഞതോടെ 15 ദിവസത്തിനകം ന്യൂനപക്ഷ സർട്ടിഫിക്കറ്റ് നൽകണമെന്നു അഡ്വ. മുഹമ്മദ് ഫൈസൽ തഹസിൽദാരോട് നിർദേശിച്ചത്. ഉത്തരവിന്റെ പശ്ചാത്തലത്തിൽ എടുത്ത നടപടിയുടെ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്നും ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version