സൂക്ഷിക്കുക; മീന്‍ കേടാവാതിരിക്കാന്‍ ഉപയോഗിക്കുന്നത് അമോണിയ ചേര്‍ത്ത ഐസ്, രണ്ട് ദിവസത്തോളം അലിയില്ല

കാസര്‍കോട്: ദിവസങ്ങളോളം കേടാവാതിരിക്കാന്‍ മീനില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് അധികൃതര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മത്സ്യം കേടാകാതിരിക്കാന്‍ മത്സ്യത്തില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പകരം അമോണിയ ചേര്‍ത്ത ഐസ് ഉപയോഗിക്കുന്നതായി കണ്ടെത്തി.

കാസര്‍കോട് നഗരത്തിലാണ് മീന്‍ വില്‍പ്പനക്കാര്‍ അമോണിയ ചേര്‍ത്ത ഐസ് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. കോവിഡ് മാനദണ്ഡം പാലിക്കാതെ മത്സ്യവില്‍പന നടത്തുന്നെന്ന പരാതിയെ തുടര്‍ന്നു ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മത്സ്യം കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്ത ഐസ് കണ്ടെത്തിയത്.

ഇതേ തുടര്‍ന്നു വില്‍പനക്കാര്‍ക്ക് താക്കീത് നല്‍കി. ആവര്‍ത്തിച്ചാല്‍ വില്‍പന നടത്താന്‍ അനുവദിക്കില്ലെന്ന് പരിശോധന സംഘം മുന്നറിയിപ്പ് നല്‍കി.സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വില്‍പനക്കാര്‍ അമോണിയ ചേര്‍ത്ത ഐസാണ് വാങ്ങുന്നതെന്നു തിരിച്ചറിയുന്നില്ല.

അമോണിയ ചേര്‍ത്ത ഐസ് 2 ദിവസത്തോളം അലിയാതിരിക്കുമെന്നതിനാലാണ് പലരും ഇത്തരത്തിലുള്ള ഐസ് വാങ്ങുന്നത്. എന്നാല്‍ ഇതിലിടുന്ന മത്സ്യം കഴിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നു ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കാസര്‍കോട് നഗരത്തിലെ മത്സ്യമാര്‍ക്കറ്റ് അടച്ചിട്ടതോടെ പുതിയ ബസ് സ്റ്റാന്‍ഡിലെ പാതയോരങ്ങളിലാണ് അധികൃതരുടെ അനുവാദത്തോടെ വില്‍പന നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും വ്യാപകമായ പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും.

Exit mobile version