അജ്ഞാതപ്രാണിയുടെ കടിയേറ്റ് അപൂര്‍വ്വരോഗം, വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന പതിനേഴ് വയസ്സുകാരി വിടവാങ്ങി

തിരുവല്ല: അജ്ഞാതപ്രാണിയുടെ കടിയേറ്റ് അപൂര്‍വ്വരോഗം ബാധിച്ച് ചികിത്സയിലായിരുന്ന പതിനേഴുവയസ്സുകാരി യാത്രയായി. പത്തനംതിട്ട അടൂര്‍ സ്വദേശി ജെയ്‌സണ്‍ തോമസിന്റെ മകള്‍ സാന്ദ്ര ആന്‍ ജെയ്‌സ(17)ണാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അന്ത്യം.

2014ല്‍ അവധിക്കാലത്ത് ഷാര്‍ജയില്‍ നിന്ന് പത്തനംതിട്ടയിലെ വീട്ടിലേയ്ക്ക് അവധിക്ക് പോയപ്പോഴാണ് സാന്ദ്രയുടെ ജീവിതം ദുരിതത്തിലായത്. സാന്ദ്രയ്ക്ക് ഏതോ പ്രാണിയുടെ കടിയേറ്റു. ചിക്കന്‍ പോക്‌സിന്റെ രൂപത്തില്‍ ആദ്യം രോഗം ബാധിച്ചു.

രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശാധനകളില്‍ ഹെനോക് സ്‌കോളിന്‍ പര്‍പുറ എന്ന അപൂര്‍വ്വ രോഗമാണ് ബാധിച്ചിട്ടുള്ളതെന്ന് കണ്ടെത്തി. പ്രത്യേകയിനം കൊതുകിന്റെ കടിയേറ്റതാണ് ഇതിന് വഴിവച്ചതെന്നാണ് ആരോഗ്യ വിദഗ്ധര്‍ തന്നോട് പറഞ്ഞതെന്നാണ് ജെയ്‌സണ്‍ പറയുന്നു.

എന്നാല്‍ പിന്നീട് അസുഖം കുറച്ച് ഭേദമായതോടെ വീണ്ടും യുഎഇയിലെത്തി. പക്ഷേ ദിവസങ്ങള്‍ക്കകം പാടുകള്‍ വര്‍ധിക്കുകയും ശരീരം തടിച്ചുവീര്‍ക്കുകയും ചെയ്തു. രോഗം തലച്ചോറിനെ ബാധിച്ചതോടെ കുറച്ചു നാളുകളില്‍ കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടമായി.

വീണ്ടും ചികിത്സ തേടിയപ്പോള്‍ കുറയുകയും സ്‌കൂള്‍ പഠനം തുടരുകയും ചെയ്തു. പിന്നീട് നടത്തിയ കിഡ്‌നി ബയോപ്‌സിയിലൂടെ വൃക്കകള്‍ 70 ശതമാനം പ്രവര്‍ത്തന രഹിതമാണെന്ന് തിരിച്ചറിഞ്ഞു. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലായിരുന്നു ചികിത്സ തേടിയിരുന്നത്.

മാതാവിന്റെ വൃക്ക അനുയോജ്യമാണെങ്കിലും കടുത്ത രക്തസമ്മര്‍ദമുള്ളതിനാല്‍ മാറ്റിവയ്ക്കല്‍ സാധ്യമല്ലെന്ന് ജെയ്‌സണ്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കുടുംബം നാട്ടിലേക്ക് മടങ്ങി. മകള്‍ എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കള്‍.

എന്നാല്‍ പ്രതീക്ഷകളെല്ലാം തെറ്റിച്ച് അവള്‍ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണത്തിന് കീഴടങ്ങിയത്.
ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന സാന്ദ്ര ഗുരുതര വൃക്ക രോഗം ബാധിച്ച്ചികിത്സയില്‍ കഴിയുന്നതിനിടയിലും പഠനത്തെ കൈവിടാതിരുന്നു.

അധികൃതര്‍ അനുവദിച്ച പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ സഹായത്തോടെ ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയെഴുതി 75% മാര്‍ക്ക് വാങ്ങിയിരുന്നു. തനിക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാകണമെന്നായിരുന്നു കുട്ടിയുടെ ആഗ്രഹം. എന്നാല്‍ എല്ലാ ആഗ്രഹങ്ങളും പാതി വഴിയില്‍ ഉപേക്ഷിച്ച് അവള്‍ മടങ്ങി.

Exit mobile version