സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു; കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കേരളാതീരത്തുനിന്ന് മത്സ്യബന്ധനത്തിനിറങ്ങരുതെന്ന് മുന്നറിയിപ്പ്

rain alert | big news live

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന്് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച വരെ വ്യാപകമായി ഇടിമിന്നല്‍ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

അതേസമയം കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കേരളാ തീരത്തുനിന്ന് മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ തിരമാലകള്‍ രണ്ടു മുതല്‍ 2.7 മീറ്റര്‍ വരെ ഉയരാമെന്നും ഇവിടങ്ങളില്‍ കടലാക്രമണ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകാന്‍ കാരണം അറബിക്കടലിലുണ്ടായ ന്യൂനമര്‍ദ്ദമാണ്. അതേസമയം ന്യൂനമര്‍ദ്ദം ഇപ്പോള്‍ കര്‍ണാടക തീരത്തേക്കു നീങ്ങിയിട്ടുണ്ട്. അതിനാല്‍ വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ പെയ്യാനാണ് സാധ്യത. ന്യൂനമര്‍ദ്ദം ചൊവ്വാഴ്ചയോടെ ദുര്‍ബലമാകുമെന്നാണ് പ്രതീക്ഷ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പടിഞ്ഞാറന്‍കാറ്റ് കൂടുതല്‍ ശക്തമാകും. ഇത് മഴ ശക്തമായി തുടരുന്നതിന് അനുകൂലമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ് പറഞ്ഞത്. ഈ മാസം 17 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് സാധാരണയിലും കൂടുതല്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Exit mobile version