അടുത്ത മൂന്ന് മണിക്കൂറില്‍ പത്ത് ജില്ലകളില്‍ അതിശക്തമായ മഴ; 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത

കൊച്ചി: അടുത്ത മൂന്ന് മണിക്കൂറില്‍ പത്ത് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളത്. തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്.ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും നിര്‍ത്താതെ പെയ്യുകയാണ്.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമാണുള്ളത്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്ദ്ദമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഇന്ന് ശക്തമായ മഴ തുടരാനാണ് സാധ്യത. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്.

ഇതോടെ മഴയുടെ ശക്തി കുറഞ്ഞേക്കും. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും വയനാട്, പാലക്കാട്, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Exit mobile version