ബലമായി എഴുതി വാങ്ങി; കേസ് കെട്ടിച്ചമച്ചതെന്ന് നിഖിൽ കൃഷ്ണ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലീനയുടെ വീട് ആക്രമിച്ചത് ലീനയുടെ മകൻ നിഖിൽ കൃഷ്ണയാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ചോദ്യം ചെയ്യലിൽ നിഖിൽ കൃഷ്ണ കുറ്റം സമ്മതിച്ചുവെന്നും പൂന്തുറ പോലീസ് അറിയിച്ചു. കേസിൽ നിഖിലിനെ ജാമ്യത്തിൽ വിട്ടു. അതേസമയം, പോലീസ് കേസ് കെട്ടിച്ചമച്ചതാണെന്നും മൊഴിയെടുക്കാൻ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി മൊഴി എഴുതി വാങ്ങിക്കുകയായിരുന്നുവെന്നും നിഖിൽ കൃഷ്ണ ഫേസ്ബുക്കിൽ ലൈവിലൂടെ ആരോപിച്ചു.

ഫോൺകോൾ രേഖകൾ കേന്ദ്രീകരിച്ചുളള അന്വേഷണത്തിന് ഒടുവിലാണ് പോലീസ് നിഖിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ നിഖിൽ കുറ്റം സമ്മതിച്ചുവെന്നും പോലീസ് പറഞ്ഞു. വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലയ്ക്ക് പിന്നാലെ സിപിഎം വീട് ആക്രമണം നടത്തിയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്നായിരുന്നു നിഖിലിന്റെ മൊഴി. സംഭവം ലീന അറിഞ്ഞിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

എന്നാൽ ഇതെല്ലാം നിഷേധിച്ച നിഖിൽ പോലീസിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിരിക്കുന്നത്. ”സംഭവത്തിൽ മൊഴിയെടുക്കാനെന്ന് പറഞ്ഞാണ് എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഈ സമയത്ത് പോലീസുകാർ അവിടെയിരുന്ന് രാഷ്ട്രീയക്കാരെ വിളിക്കുന്നുണ്ടായിരുന്നു. കുറേനേരം അവിടെ ഇരുത്തിയതോടെ എന്തിനാണ് ഇത്രയും സമയമെടുക്കുന്നതെന്ന് പോലീസിനോട് ചോദിച്ചു. ശിവശങ്കറിനെ മണിക്കൂറുകളോളം ഇരുത്താമെങ്കിൽ നിന്നെയും ഇരുത്താമെന്നായിരുന്നു പൊലീസുകാരുടെ മറുപടി. നിന്റെ കൂട്ടുകാരെല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി നീ സത്യം പറയാൻ അവർ എന്നോട് പറഞ്ഞു. വീടാക്രമിച്ചത് നീ അല്ലേ. നിന്റെ കൂട്ടുകാരനെയും അമ്മയെയും അച്ഛനെയും പ്രതിയാക്കും. അമ്മയുടെ രാഷ്ട്രീയ ഭാവി തകർക്കും. കേസില്ലാതെ മാധ്യമങ്ങളെ അറിയിക്കാതെ ഇത് ഒതുക്കിത്തീർക്കാം എന്ന് പറഞ്ഞു. പൊലീസ് പറഞ്ഞുതന്ന കാര്യങ്ങൾ ബലമായി എഴുതി വാങ്ങി. എന്റെ സമ്മതത്തോടെയല്ല എഴുതി വാങ്ങിയത്.”

ഇതിനിടെ, തങ്ങൾ ഇങ്ങനെയൊരു പ്രഹസനം നടത്തേണ്ട ആവശ്യമില്ലെന്ന് ലീന പറഞ്ഞു. 15 വർഷം മുൻപാണ് സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നത്. തന്നെയും തന്റെ കുടുംബത്തെയും കഴിഞ്ഞ 15 വർഷമായി സിപിഎം വേട്ടയാടുകയാണെന്നും ലീന പറയുന്നു.

Exit mobile version