കാഴ്ചശക്തി മങ്ങി; യോഗ്യത ഫസ്റ്റ് ക്ലാസോടെ ബിരുദവും ബിഎഡും; അധ്യാപകനാവാൻ സ്വപ്‌നം കണ്ട നിഥിൻ ഇന്ന് ജീവിക്കാൻ ഭാഗ്യം വിൽക്കുന്നു

കോഴിക്കോട്: അധ്യാപകനാവാൻ മോഹിച്ച് പഠനം പൂർത്തിയാക്കിയിട്ടും തന്റെ കാഴ്ച പൂർണ്ണമായും മങ്ങുന്നതിന് മുമ്പ് ഒരു അധ്യാപകനാവാൻ സാധിച്ചില്ലെങ്കിലോ എന്ന നിരാശയിലാണ് നിഥിൻ ഇപ്പോൾ. പരിശ്രമിച്ചിട്ടും അധ്യാപകൻ ആകാൻ കഴിയാതെ പോയ നിഥിൻ ഇന്ന് മങ്ങിയ കാഴ്ചയുടെ ലോകത്ത് ഭാഗ്യം വിൽക്കുകയാണ്. ബിരുദവും ബിഎഡും ഒന്നാം ക്ലാസോടെ പാസായ ഭിന്നശേഷിക്കാരനായ കക്കോടി ഊരാളുവീട്ടിൽ പരേതനായ മീത്തൽ രാമകൃഷ്ണന്റെ മകൻ നിഥിനാണ് ലോട്ടറി വിറ്റ് ഉപജീവനം കഴിക്കുന്നത്.

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ബിഎ മലയാളത്തിന് പഠിക്കുമ്പോഴാണ് അധ്യാപകൻ ആകണമെന്ന താത്പര്യം നിഥിന് കലശലായത്. തുടർന്ന് കോഴിക്കോട് ടീച്ചർ ട്രെയ്‌നിങ് സെന്ററിൽ നിന്ന് ഒന്നാം ക്ലാസോടെ ബിഎഡ് പാസായി. ഇതോടെ ജോലി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.

പക്ഷെ, ജോലി ലഭിക്കാതെ വന്നതോടെ നിത്യചെലവിനായി ബുദ്ധിമുട്ടി, ഏറെ പരിശ്രമിച്ചിട്ടും അധ്യാപകനായി ജോലി ലഭിച്ചില്ല. രണ്ടു തവണ പിഎസ്‌സി ലിസ്റ്റിൽ പെട്ടെങ്കിലും ജോലി എന്ന സ്വപ്‌നം യാഥാർത്ഥ്യമായില്ല. കാഴ്ച ശക്തി 75 ശതമാനം നഷ്ടപ്പെട്ട 29കാരനായ നിഥിൻ നാലംഗ കുടുംബത്തിന്റെ ഏക അത്താണി കൂടിയാണ്.

അർബുദ രോഗിയായ പിതാവ് മരണമടയുന്നതുവരെ ചികിത്സ മുടങ്ങാതിരിക്കാൻ തന്റെ പരിമിതികൾ മാറ്റിവെച്ച് നിഥിൻ കൂടുതൽ സമയം ജോലി ചെയ്തു. ജ്യേഷ്ഠൻ ഷിബിൻ പൂർണ്ണമായും കാഴ്ച നഷ്ടപ്പെട്ട ആളാണ്. അധ്യാപകനാവണമെന്ന ആഗ്രഹം അടങ്ങാതെയാണ് ദുരിതത്തിനിടയിലും യോഗ്യതകൾ സ്വന്തമാക്കിയത്.

ഒടുവിൽ നിഥിൻ പ്രതീക്ഷകൾ ഓരോന്നായി കൈവിട്ടതോടെയാണ് ലോട്ടറി വിൽപനയ്ക്ക് ഇറങ്ങുകയായിരുന്നു. മുമ്പ് പലജോലികളും ചെയ്‌തെങ്കിലും അന്നത്തേതിനേക്കാൾ കൂടുതൽ വരുമാനം നിഥിന് സമ്മാനിച്ചത് ലോട്ടറി വിൽപ്പന തന്നെയാണ്. ആദ്യം കോഴിക്കടയിലായിരുന്നു നിഥിന് ജോലി. വെള്ളം കൊണ്ടുനൽകലും കവറ് പിടിക്കലും പണം വാങ്ങലുമായിരുന്നു അവിടെ ജോലി. രാവിലെ ആറര മുതൽ വൈകിട്ട് ഏഴരവരെ ജോലി ചെയ്താൽ 450 രൂപ കൂലി ലഭിച്ചിരുന്നു. പിന്നീട് പെയിന്റിങ് ജോലി ചെയ്തു. തുടർന്നാണ് ലോട്ടറി വിൽപ്പനയിലെത്തുന്നത്. ലോട്ടറി കടയിൽ നിന്ന് ഇപ്പോൾ 650 രൂപ കൂലി ലഭിക്കുന്നുണ്ട്. ഭാഗ്യപരീക്ഷണത്തിന് ഒരിക്കലും മുതിരാത്ത നിഥിൻ ഇനിയും പരീക്ഷയെഴുതി അധ്യാപക ജോലിയിൽ പ്രവേശിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ തന്നെയാണ്.

Exit mobile version