വീണ്ടും കൊവിഡ് മരണം; മരിച്ചത് സംസ്ഥാനത്ത് ആദ്യമായി എക്‌മോ മെഷീൻ ചികിത്സയ്ക്ക് വിധേയമായ രോഗി

കട്ടപ്പന: സംസ്ഥാനത്ത് ആദ്യമായി എക്‌മോ മെഷീനിന്റെ സഹായത്തോടെ ചികിത്സക്ക് വിധേയമാക്കിയ കൊവിഡ് രോഗി മരിച്ചു. കട്ടപ്പന ഐടിഐ ജങ്ഷനിൽ നടുവിലേത്ത് സാംകുട്ടിയാണ് (57) മരിച്ചത്. കഴിഞ്ഞ 16 നാണ് ഗുരുതരമായ ശ്വാസം മുട്ടലിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് സ്ഥിരീകരിച്ച സാംകുട്ടിയെ 21ന് ക്രിട്ടിക്കൽ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് 25ന് എക്‌മോ ചികിത്സ നടത്തി.

ഗുരുതരമായ ശ്വാസകോശ രോഗം ഉണ്ടായിരുന്നുവെങ്കിലും രോഗിയുടെ ആന്തരിക അവയവങ്ങൾക്ക് പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടായിരുന്നു ചികിത്സക്ക് രോഗിയെ തെരഞ്ഞെടുത്തത്. ധമനികളിൽനിന്ന് രക്തം പുറത്തെടുത്ത് യന്ത്ര സഹായത്തോടെ രക്തപരിശോധന നടത്തി ശുദ്ധീകരിച്ച ശേഷം, മറ്റൊരു ധമനിയിലൂടെ എക്‌മോ മെഷീനിലൂടെ ശരീരത്തിലേക്ക് കടത്തിവിടുകയും ചെയ്യുന്നതായിരുന്നു ചികിത്സ. ഗുരുതരമായ ശ്വാസകോശ രോഗം ബാധിച്ചവർക്കാണ് ഈ ചികിത്സ സമ്പ്രദായം നടത്തുന്നത്.

കഴിഞ്ഞ ദിവസം ശ്വാസകോശം സാധാരണ നിലയിലായതോടെ യന്ത്രം നീക്കം ചെയ്തിരുന്നു. ഹൃദയത്തിന്റെ പ്രവർത്തനവും സാധാരണ നിലയിലാക്കാനായിരുന്നു മെഷീന്റെ സഹായം തേടിയിരുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന രോഗിയെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ കിടത്തിയാണ് ചികിത്സ നടത്തിയിരുന്നത്. എന്നാൽ, ബുധനാഴ്ച പുലർച്ച ആരോഗ്യനില മോശമാകുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ബന്ധുക്കൾക്ക് കൈമാറി.

Exit mobile version