1979ല്‍ ലളിതമായ വിവാഹം, പ്രിയ സഖാവിന്റേയും സഖിയുടേയും ജീവിത യാത്ര ആരംഭിച്ചിട്ട് ഇന്നേക്ക് 41ാം വര്‍ഷം

കണ്ണൂര്‍: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും കമലയും ഒന്നിച്ച് ജീവിതയാത്ര ആരംഭിച്ചിട്ട് ഇന്നേക്ക് നാല്‍പ്പത്തിയൊന്ന് വര്‍ഷം. സ. പിണറായി വിജയനും തൈക്കണ്ടിയില്‍ ആണ്ടിമാസ്റ്ററുടെ മകള്‍ ടി.കമലയും തമ്മിലുള്ള വിവാഹം 1979 സെപ്തംബര്‍ 2-ാം തീയതിയായിരുന്നു.

2-ാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി ടൗണ്‍ ഹാളില്‍ വച്ചുള്ള ലളിതമായ വിവാഹചടങ്ങില്‍ ഇരുവരും ഒന്നായി. വിവാഹിതനാകുമ്പോള്‍ കൂത്തുപറമ്പ് എംഎല്‍എയും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി വിജയന്‍.

അടിയന്തരാവസ്ഥക്കാലത്തെ പീഡനങ്ങള്‍ക്കും ജയില്‍വാസത്തിനും ശേഷമായിരുന്നു ആണ്ടിമാഷുടെ മകള്‍ ടി.കമലയുമായുള്ള സഖാവ് പിണറായി വിജയന്റെ വിവാഹം. അന്ന് സിപിഎഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ പേരിലായിരുന്നു വിവാഹക്ഷണ പത്രിക.

”സ. പിണറായി വിജയനും തൈക്കണ്ടിയില്‍ ആണ്ടിമാസ്റ്ററുടെ മകള്‍ ടി.കമലയും തമ്മിലുള്ള വിവാഹം 1979 സെപ്തംബര്‍ 2-ാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്നതാണ്. താങ്കളുടെ സാന്നിദ്ധ്യം അഭ്യര്‍ത്ഥിക്കുന്നു” എന്നായിരുന്നു ലളിതമായ കല്യാണക്കത്തിലെ വാചകങ്ങള്‍.

അടിയന്തിരാവസ്ഥയിലേറ്റ കൊടിയ മര്‍ദ്ദനത്തിന്റെ ഓര്‍മ്മകള്‍ കൂടി ഈ കത്ത് പേറുന്നു. അടിയന്തിരാവസ്ഥക്കാലത്തെ പത്തൊന്‍പത് മാസം നീണ്ട ജയില്‍വാസത്തിനും കൊടിയ മര്‍ദ്ദനത്തിനും ശേഷമായിരുന്നു പിണറായിയുടെ വിവാഹം. ഇകെ നായനാരായിരുന്നു വിവാഹത്തിന്റെ മുഖ്യ പരികര്‍മ്മി. പരസ്പരം മാലയിട്ടുകൊണ്ടായിരുന്നു ഇരുവരുടെയും വിവാഹം. അന്നത്തെ സിപിഎംന്റെ പ്രമുഖ നേതാക്കളായ ഇകെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍, എംവി രാഘവന്‍ തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിരുന്നു.

ചായയും പലഹാരവുമായിരുന്നു അതിഥികള്‍ക്കായി നല്‍കിയത്. ലളിതമായ ചടങ്ങില്‍ ആരംഭിച്ച പിണറായി വിജയന്റേയും കമല വിജയന്റേയും ജീവിത യാത്ര ഇന്ന് നാല്‍പ്പത്തിയൊന്നാം വര്‍ഷത്തിലെത്തി നില്‍ക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരവധി പേരാണ് മുഖ്യമന്ത്രിക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നത്.

Exit mobile version