കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.

ശക്തമായ മഴയ് പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ചയും ശനിയാഴ്ചയും ഇടുക്കി ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ബുധനാഴ്ച ( ഇന്ന്) വയനാട് ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെളളിയാഴ്ച മലപ്പുറം, ഞായറാഴ്ച എറണാകുളം ജില്ലയിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Exit mobile version