അനൂബിനെ വർഷങ്ങളായി അറിയാം; ഞാനുൾപ്പടെ പലരും പണം നൽകി സഹായിച്ചിട്ടുണ്ട്: പികെ ഫിറോസിന് മറുപടിയുമായി ബിനീഷ് കോടിയേരി

കോഴിക്കോട്: തനിക്ക് വർഷങ്ങളായി അറിയാവുന്ന ബിസിനസുകാരനാണ് ബംഗളൂരുവിൽ മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂബ് എന്ന് ബിനീഷ് കോടിയേരി. തനിക്ക് നന്നായി അറിയുന്ന സുഹൃത്താണ് അനൂബ്. എന്നാൽ വർഷങ്ങളായി പരിചയമുള്ള അനൂബിനെ കുറിച്ച് ഇപ്പോൾ വന്നിരിക്കുന്ന വാർത്ത എന്നെ പോലെ അവനെ അറിയുന്നവർക്ക് ഞെട്ടിപ്പിക്കുന്നതാണ്. അനൂബ് അത്തരത്തിലുള്ള ഒരാളല്ലെന്നാണ് എനിക്കറിയാവുന്നതെന്നും ബിനീഷ് പറഞ്ഞു.

അനൂബ് അടക്കമുള്ള ബംഗളൂരുവിൽ പിടിയിലായ മയക്കുമരുന്ന് സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിന്റെ ആരോപണങ്ങളോട് മറുപടി പറയുകയായിരുന്നു ബിനീഷ് കോടിയേരി. അനൂബ് ടിഷർട്ട് ബിസിനസ് നടത്തിയിരുന്ന സമയത്താണ് ഞാൻ അദ്ദേഹവുമായി പരിചയത്തിലാവുന്നത്. പിന്നീട് അനൂബ് റസ്റ്റോറന്റ് ബിസിനസിലേക്ക് തിരിഞ്ഞു. ഈ ഘട്ടത്തിൽ ഞാനടക്കം പലരും അവനെ സഹായിക്കാൻ പണം നൽകിയിട്ടുണ്ട്. അത് കടമായി നൽകിയതാണ്. അത് പിന്നീട് പൊളിഞ്ഞു.

ബംഗളൂരുവിലേക്ക് പോകുന്ന സമയത്ത് റൂം ബുക്ക് ചെയ്ത് തരുന്നതും മറ്റും അനൂബാണ്. അങ്ങനെയുള്ള അനൂബിനെ മാത്രമേ എനിക്കറിയൂ. അനൂബിന് മയക്ക് മരുന്നുമായി ബന്ധമുള്ള കാര്യം എനിക്കറിയില്ല. അതേസമയം, ബംഗളൂരുവിലുള്ള ഹോട്ടൽ തന്റേതാണെന്ന ആരോപണവും ബിനീഷ് നിഷേധിച്ചു. പറയുന്നത് കള്ളക്കഥയാണ്. പണ്ട് തിരുവനന്തപുരത്ത് എന്റേതാണെന്ന് പറഞ്ഞിരുന്ന ഒരു കെട്ടിടകം പണി കഴിഞ്ഞപ്പോഴാണ് അതൊരു പള്ളിയാണെന്ന് ആരോപണം ഉന്നയിച്ചവർക്ക് മനസ്സിലായത്. പികെ ഫിറോസിന് എന്ത് ആരോപണവും ഉന്നയിക്കാം. അനൂബിനെ ഞാൻ പലപ്പോഴും വിളിക്കാറുണ്ട്. സ്വപ്‌ന സുരേഷ് അറസ്റ്റിലായ ദിവസം അനൂബിനെ വിളിച്ചിട്ടുണ്ടോ എന്ന കാര്യം എനിക്കോർമയില്ല. എൻഐഎ ചോദിക്കുകയാണെങ്കിൽ കോൾ ലിസ്‌റ്റെല്ലാം കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

മാനനഷ്ടത്തിനൊന്നും ആർക്കെതിരെയും കേസുകൊടുക്കില്ല. എനിക്കെതിരെ എല്ലാ ദിവസവും ഇതുപോലെ ആരോപണം വന്നുകൊണ്ടിരിക്കും. അതിന്റെ പിന്നിൽ നടന്ന് മാനനഷ്ടകേസ് നൽകുന്നതിലൊന്നും എനിക്ക് താത്പര്യമില്ലെന്നും ബിനീഷ് വ്യക്തമാക്കി.

Exit mobile version