സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് കൊവിഡ് മരണം. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴയില്‍ ചെങ്ങന്നൂര്‍ കല്ലിശ്ശേരി അറേപ്പുറത്ത് ജയ്മോന്‍ ആണ് മരിച്ചത്. 64 വയസായിരുന്നു. ഒരാഴ്ചയായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് വൈറസ് ബാധമുണ്ടായത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു മരണം.

പത്തനംതിട്ടയില്‍ വാഴമുട്ടം സ്വദേശി കരുണാകരന്‍ ആണ് മരിച്ചത്. 67 വയസായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം. കരള്‍ രോഗ ബാധിതനുമായിരുന്നു ഇയാള്‍.

ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാമാക്ഷി സ്വദേശി ദാമോദരന്‍ ആണ് മരിച്ചത്. 80 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Exit mobile version