തരൂരിന്റെ പേരില്‍ കോണ്‍ഗ്രസില്‍ തമ്മിലടി; തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടെന്ന് ശബരീനാഥന്‍, തരൂര്‍ ഗസ്റ്റ് ആര്‍ടിസ്റ്റ് എന്ന് പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ്

കൊച്ചി: ശശി തരൂരിനെ ചൊല്ലി കോണ്‍ഗ്രസില്‍ തമ്മിലടി മുറുകുന്നു. തരൂര്‍ വിശ്വ പൗരനാണെന്നും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്നും കെഎസ് ശബരീനാഥന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശബരിനാഥന്‍ ഇക്കാര്യം പറഞ്ഞത്. അതെസമയം ശശി തരൂര്‍ കോണ്‍ഗ്രസിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പരിഹസിച്ചു. തരൂര്‍ എടുത്തു ചാട്ടം കാണിക്കുകയാണ്. വിശ്വപൗരനായതിനാല്‍ രാഷ്ട്രീയം ബാധകമല്ലെന്ന ചിന്തയാണ് അദ്ദേഹത്തിന്. ശശി തരൂര്‍ പാര്‍ട്ടിയുടെ അതിര്‍വരമ്പുകളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നില്ല.തരൂര്‍ രാഷ്ട്രീയക്കാരനല്ലെന്നും അതിന്റെ പക്വത കാണിക്കുന്നില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തയച്ചത് ഉള്‍പ്പെടെ വിവിധ വിഷയങ്ങളിലാണ് തരൂരും കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകവുമായി അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം കെ മുരളിധരനും ശശീ തരൂരിനെ വിമര്‍ശിച്ചിരുന്നു. തങ്ങളാരും ശശി തരൂരിനെ പോലെ വിശ്വപൗരന്‍മാരല്ലെന്നാണ് മുരളീധരന്‍ പറഞ്ഞത്.

ശബരിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഡോക്ടര്‍ ശശിതരൂരിന് ഇന്ത്യയുടെ പൊതു സമൂഹത്തിലുള്ള മതിപ്പ് എന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് ജനങ്ങളെ ധരിപ്പിക്കേണ്ട ആവശ്യമില്ല. രാജ്യത്തെ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങള്‍- പൗരത്വ ഭേദഗതി നിയമം, ദേശീയ വിദ്യാഭ്യാസ നയം, മതേതരത്വ കാഴ്ചപ്പാടുകള്‍, നെഹ്റുവിയന്‍ ആശയങ്ങള്‍, ഭാവി ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍,യുവാക്കളുടെ സ്പന്ദങ്ങള്‍.ദേശീയതയുടെ ശരിയായ നിര്‍വചനം ,ഇതെല്ലാം പൊതുസമൂഹത്തിന്, പ്രത്യേകിച്ചു യുവാക്കള്‍ക്ക് ഏറ്റവും വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഡോക്ടര്‍ ശശി തരൂരിലൂടെയാണ്.

അദ്ദേഹം ഒരു വിശ്വപൗരന്‍ ആയതുകൊണ്ടാണ് കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ MP ഫണ്ടുകള്‍ നിര്‍ത്തലാക്കിയപ്പോള്‍ ബന്ധങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തിരുവനന്തപുരത്തിനു വേണ്ടി മാതൃകയായ പല കോവിഡ് പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ കഴിഞ്ഞിട്ടുള്ളത്. ഈ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് തിരുവനന്തപുരത്തുക്കാര്‍ മഹാ ഭൂരിപക്ഷം നല്‍കി അദ്ദേഹത്തെ മൂന്നാം തവണയും ലോക്‌സഭയിലേക്ക് അയച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബഹുസ്വരതയ്ക്കും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിശാല കാഴ്ചപ്പാടിനും എന്നും ഒരു മുതല്‍ക്കൂട്ടാണ് ഡോ:തരൂര്‍.അതില്‍ ഒരു തിരുവനന്തപുരത്തുകാരനായ എനിക്ക് യാതൊരു സംശയമില്ല.

എയര്‍പോര്‍ട്ട് വിഷയത്തിലും മറ്റും അദ്ദേഹത്തിന് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ടാകാം, MP എന്ന നിലയില്‍ അത് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാന്‍ മുന്‍കൈ എടുക്കണം. പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങള്‍ നടത്തുമ്പോള്‍, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

അതിനിടെ കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം ആവശ്യപ്പെട്ടുള്ള കത്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ പാര്‍ട്ടിയ്ക്ക് അകത്ത് ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. കഴിഞ്ഞതിനാല്‍, പാര്‍ട്ടി നന്മക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

Exit mobile version