ജനം ടിവി ബിജെപി ചാനലല്ല; പാർട്ടിക്ക് ബന്ധമില്ല: കെ സുരേന്ദ്രൻ

ജനം ടിവി ബിജെപി ചാനലല്ല; പാർട്ടിക്ക് ബന്ധമില്ല; ചാനൽ നടത്തുന്നത് ഒരു കൂട്ടം ദേശസ്‌നേഹികൾ; അനിൽ നമ്പ്യാർ വിഷയത്തിൽ കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപിക്ക് സംസ്ഥാനത്ത് ഒരു ചാനൽ ഇല്ലെന്നും ജനം ടിവി ബിജെപിയുടെ ചാനൽ അല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വർണ്ണക്കടത്തുക്കേസിൽ ജനം ടിവി കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ ചോദ്യം ചെയ്യുന്നതിനെ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.

ജനം ബിജെപി ചാനൽ അല്ല, ബിജെപി നിയന്ത്രിക്കുന്നതല്ല, ബിജെപിക്ക് അങ്ങനെ ഒരു ചാനൽ ഇല്ല. ഒരുകൂട്ടം ദേശ സ്‌നേഹികളാണ് ചാനൽ നടത്തുന്നത്. അനിൽ നമ്പ്യാരെ കസ്റ്റംസ് വിളിച്ചത് താൻ അറിഞ്ഞില്ലെന്നും ഇന്നാണോ പോയിരിക്കുന്നതെന്നും സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് ചോദിച്ചു. പോയിട്ട് വരട്ടെ അത് ബിജെപിയുമായി കൂട്ടി കുഴയ്ക്കരുതെന്നും സുരേന്ദ്രൻ പ്രതികരിച്ചു.

അതേസമയം, തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തെ തുടർന്നാണ് കസ്റ്റംസ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അനിൽ നമ്പ്യാർ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായത്.

ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വർണം കണ്ടെടുത്ത ദിവസം സ്വപ്നയും അനിൽ നമ്പ്യാരുമായി രണ്ടു തവണ ഫോണിൽ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോൺ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നൽകിയിട്ടുണ്ട്. സ്വപ്നയുടെ ഈ മൊഴി സംബന്ധിച്ച് വ്യക്തത വരുത്താനാണ് കസ്റ്റംസ് ഉദ്ദേശിക്കുന്നത്.

അതേദിവസമാണ് സ്വപ്ന ഒളിവിൽ പോയതും. സംഭാഷണത്തിലെ വിവരങ്ങൾ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നൽകിയിരുന്നു. ഇക്കാര്യങ്ങൾ കസ്റ്റംസ് അനിൽ നമ്പ്യാരിൽ ചോദിച്ചറിയും. മൊഴികളിൽ പൊരുത്തക്കേടുണ്ടോ എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് സംബന്ധിച്ച് കോൺസുലേറ്റിനെ കൊണ്ട് വിശദീകരണക്കുറിപ്പ് തയ്യാറാക്കാൻ സ്വപ്നയോട് പറഞ്ഞത് അനിൽ നമ്പ്യാരാണെന്നും വിവരമുണ്ട്. അതേസമയം വാർത്ത ശേഖരിക്കാനാണ് താൻ സ്വപ്നയെ വിളിച്ചത് എന്നാണ് അനിൽ നമ്പ്യാർ നൽകുന്ന വിശദീകരണം.

Exit mobile version