സ്വർണ്ണക്കടത്ത് പ്രതിയുമായി ബന്ധം: ജനം ടിവി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി: നയതന്ത്ര ബാഗേഡിൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തിയ കേസിലെ പ്രതിയുമായുള്ള ബന്ധത്തെ തുടർന്ന് ജനം ടിവി എക്‌സിക്യൂട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യൽ. ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വർണ്ണം കണ്ടെടുത്ത ദിവസം പ്രതിയായ സ്വപ്നയും അനിൽ നമ്പ്യാരുമായി രണ്ടു തവണ ഫോണിൽ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഫോൺ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നൽകിയിട്ടുണ്ട്.

സ്വപ്നയുടെ ഈ മൊഴി സംബന്ധിച്ച് വ്യക്തത വരുത്താനാണ് കസ്റ്റംസ് ഉദ്ദേശിക്കുന്നത്. അന്നേ ദിവസമാണ് സ്വപ്ന ഒളിവിൽ പോയതും സംഭാഷണത്തിലെ വിവരങ്ങൾ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നൽകിയിരുന്നു. ഇക്കാര്യങ്ങൾ കസ്റ്റംസ് അനിൽ നമ്പ്യാരിൽ ചോദിച്ചറിയും. മൊഴികളിൽ പൊരുത്തക്കേടുണ്ടോ എന്നറിയുകയാണ് പ്രധാനലക്ഷ്യം.

അനിൽ നമ്പ്യാരെ കൂടാതെ സ്വപ്ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ട മറ്റു ചിലരേയും വരും ദിവസങ്ങളിൽ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തും എന്നാണ് സൂചന. ഫോണിൽ ബന്ധപ്പെട്ടവരിൽ ചിലയാളുകൾ ഒളിവിൽ പോകാൻ സ്വപ്ന സുരേഷിന് സഹായം ചെയ്തു നൽകിയെന്നാണ് കസ്റ്റംസിന്റെ നിഗമനം.

Exit mobile version