തിരഞ്ഞെടുപ്പില്‍ ജനം ഇടുന്ന തീയില്‍ നിങ്ങള്‍ സ്വയം കത്താതിരിക്കാന്‍ ശ്രദ്ധിക്കുക; പ്രതിപക്ഷത്തിനെതിരെ രൂക്ഷപരിഹാസവുമായി ഹരീഷ് പേരടി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപിടുത്തമാണ് ഇപ്പോള്‍ പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്നത്. എന്നാല്‍ പ്രതീക്ഷിച്ചപോലെ അതും അത്രത്തോളം അങ്ങ് ഏറ്റില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിലെ എല്ലാ വകുപ്പുകളിലേയും ഫയലുകള്‍ ഇ-ഫയലുകളായി സൂക്ഷിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതിപക്ഷത്തിന് വ്യക്തമായി മറുപടി നല്‍കി.

ഏത് കടലാസ് സെക്രട്ടറിയേറ്റില്‍ എത്തിയാലും അത് സ്‌കാന്‍ ചെയ്ത് നമ്പര്‍ ഇട്ട് ബന്ധപ്പെട്ട സെക്ഷനില്‍ ഈ ഫോര്‍മാറ്റില്‍ സൂക്ഷിക്കും. നിലവിലുള്ള ഫയലിലെ കടലാസാണെങ്കില്‍ അത് ആ ഫയലിനോട് ചേര്‍ക്കും. പുതിയ ഫയല്‍ ആക്കേണ്ടതുണ്ടെങ്കില്‍ നമ്പറിട്ട ശേഷം ഫയലാക്കും.

ഫയലിന്റെ സഞ്ചാരവും ഇ ട്രാക്കിങ് വഴി അറിയാനാകും. സെക്രട്ടേറിയറ്റിലെ ഫയലുകളെല്ലാം ഇ-ഫയല്‍ ആണ് എന്നറിയാത്തവരല്ല പ്രതിപക്ഷ നേതാവും എം എല്‍ എ മാരും. എന്നിട്ടും തരംതാണ രാഷ്ട്രീയ കളിയാണ് ഇവര്‍ നടത്തുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

സംഭവത്തില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഇന്നലെ നിയമസഭയില്‍ കത്തികരിഞ്ഞ പ്രതിപക്ഷം ഇന്ന് ഒരിക്കലും കത്താത്ത ഇ ഫയലുകള്‍ക്ക് തീയിടുന്നത് സ്വാഭാവികമെന്നും തിരഞ്ഞെടുപ്പില്‍ ജനം ഇടുന്ന തീയില്‍ നിങ്ങള്‍ സ്വയം കത്താതിരിക്കാന്‍ ശ്രദ്ധിക്കുകയെന്നും ഹരീഷ് പേരടി പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്നലെ നിയമസഭയില്‍ കത്തികരിഞ്ഞ പ്രതിപക്ഷം ഇന്ന് ഒരിക്കലും കത്താത്ത E ഫയലുകള്‍ക്ക് തീയിടുന്നത് സ്വാഭാവികം..തിരഞ്ഞെടുപ്പില്‍ ജനം ഇടുന്ന തീയില്‍ നിങ്ങള്‍ സ്വയം കത്താതിരിക്കാന്‍ ശ്രദ്ധിക്കുക..മൂന്ന് മണിക്കൂര്‍ നാല്‍പത്തഞ്ച് മിനുട്ട് നിണ്ട് നിന്ന നിങ്ങളുടെ ശവദാഹ ചടങ്ങിന്റെ ചിതക്ക് മുഖ്യമന്ത്രി തീ കൊളുത്തിയപ്പോളെ ഞങ്ങള്‍ ഒരു കൂട്ട നിലവിളി പ്രതീക്ഷിച്ചിരുന്നു..പക്ഷെ ഇങ്ങിനെ കൂട്ടത്തോടെ നിങ്ങള്‍ ഡിജിറ്റല്‍ തീയില്‍ ചാടി ആത്മഹത്യ നടത്തുമെന്ന് പ്രതീക്ഷിച്ചില്ല…വലിയ സങ്കടമുണ്ട് …നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്ത് ആഘോഷം…

Exit mobile version