ആരും ഒന്ന് ശ്രദ്ധിക്കും; ഓണം ബംബര്‍ ബാനര്‍ ധരിച്ചെത്തി, ലോട്ടറി വില്‍പ്പനയ്ക്ക് വേറിട്ട തന്ത്രവുമായി 68കാരന്‍

തൃശൂര്‍: കോവിഡ് പടര്‍ന്നുപിടിച്ചതോടെ പലര്‍ക്കും ജോലിയില്ലാതായി. ലോട്ടറിമേഖലയും വന്‍ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ആള്‍ക്കാര്‍ പൊതുസ്ഥലങ്ങളില്‍ വരുന്നത് കുറഞ്ഞതോടെ ലോട്ടറികച്ചവടവും വളരെ കുറഞ്ഞതായാണ് വില്‍പ്പനക്കാര്‍ പറയുന്നത്.

അതിനിടെ ലോട്ടറി വില്‍പ്പന നടത്താന്‍ പുതിയ തന്ത്രമെന്നോണം ആരും ശ്രദ്ധിക്കുന്ന പരസ്യവുമായി ലോട്ടറി കച്ചവടം നടത്തുകയാണ് അറുപത്തിയെട്ടുകാരന്‍. ഓണം ബംബറിന്റെ പരസ്യം പ്രിന്റ് ചെയ്ത ബാനര്‍ ധരിച്ച് നടന്നാണ് ഇദ്ദേഹത്തിന്റെ ലോട്ടറി ടിക്കറ്റ് വില്‍പ്പന.

തൃശൂര്‍ ചേര്‍പ്പിലെ പാങ്ങ് എളവള്ളി കോണ്ടില്‍ വീട്ടില്‍ നാണുവാണ് ആള്‍ക്കാരെ ആകര്‍ഷിക്കാന്‍ പുതിയ ഐഡിയയുമായി എത്തിയത്. .10 അടിയിലേറെ നീളമുള്ള ബാനറിന്റെ നടുവില്‍ തല കടത്താവുന്ന വട്ടത്തില്‍ കീറിയാണു കഴുത്തിലിട്ടിരിക്കുന്നത്.

രാവിലെ 6നു ബസില്‍ തൃശൂരില്‍ പോയി ടിക്കറ്റെടുത്തു തിരിച്ചെത്തിയാലുടന്‍ ബാനര്‍ അണിഞ്ഞു വില്‍പ്പനയ്ക്കിറങ്ങും. വൈകിട്ട് 5 വരെയാണു കച്ചവടം. ദിവസവും നൂറിലേറെ കിലോമീറ്റര്‍ നടക്കും. ചിലര്‍ ടിക്കറ്റ് വാങ്ങുന്ന കൂട്ടത്തില്‍ ഒപ്പം നിന്നു സെല്‍ഫിയെടുക്കാറുണ്ടെന്നും നാണു പറയുന്നു.

Exit mobile version