കൊല്ലത്ത് താല്‍ക്കാലിക ഷെഡ്ഡില്‍ കിടന്ന് ഉറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ആറ് ദിവസം; തെരച്ചില്‍ ഉള്‍വനത്തിലേയ്ക്ക്

പത്തനാപുരം: കൊല്ലം പിറവന്തൂര്‍ കടശ്ശേരിയില്‍ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ആറ് ദിവസം പിന്നിടുന്നു. തെരച്ചില്‍ തുടരുകയാണ്. കടശ്ശേരിയില്‍ വനാതിര്‍ത്തിയില്‍ താമസിക്കുന്ന രാഹുലിനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ഇപ്പോള്‍ ഉള്‍വനത്തിലടക്കം തെരച്ചില്‍ നടത്തി വരികയാണ്. ഓഗസ്റ്റ് 19-ാം തീയതി രാത്രി മുതലാണ് രാഹുലിനെ കാണാതായത്. പുതിയ വീടിന്റെ പണി നടക്കുന്നതിനാല്‍ വീട്ടുവളപ്പിലെ താല്‍ക്കാലിക ഷെഡ്ഡിലായിരുന്നു രാഹുല്‍ താമസിച്ചിരുന്നത്.

19-ന് രാത്രി ഉറങ്ങാന്‍കിടന്ന രാഹുലിനെയാണ് കാണാതായത്. 19-ാം തീയതി രാത്രി പത്ത് മണി വരെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പത്ത് മണിക്ക് ശേഷം മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായെന്നാണ് സൈബര്‍ സെല്‍ നല്‍കുന്ന വിവരം. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ പോലീസും വനംവകുപ്പും ആദ്യഘട്ടത്തില്‍ വനത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. ബന്ധുക്കളുടെ വീടുകളിലും അന്വേഷണം നടത്തി.

പക്ഷേ, യാതൊരു സൂചനയും ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് ഉള്‍വനത്തിലേക്കും തെരച്ചില്‍ വ്യാപിക്കുന്നത്. ഈ വര്‍ഷമാണ് രാഹുല്‍ പ്ലസ്ടു പരീക്ഷ വിജയിച്ചത്. ഉന്നതപഠനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് ദുരൂഹസാഹചര്യത്തില്‍ രാഹുലിനെ കാണാതായത്.

Exit mobile version