ഒന്നാന്തരം സെല്‍ഫ് ഗോളുകള്‍ തുടരെ വഴങ്ങി യുഡിഎഫ് സ്വയം അപമാനിതരായി; മിടുക്കരായ പ്രാസംഗികര്‍ പോലും പരുങ്ങുന്നത് കണ്ടു; ജി സുധാകരന്‍

തിരുവനന്തപുരം: പ്രതിപക്ഷം കൊണ്ടുവന്ന അവിശാസ പ്രമേയം തള്ളിയതില്‍ പ്രതികരണവുമായി മന്ത്രി ജി സുധാകരന്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രി പ്രതികരണം അറിയിച്ചത്. ഒന്നാന്തരം സെല്‍ഫ് ഗോളുകള്‍ തുടരെ വഴങ്ങി യുഡിഎഫ് സ്വയം അപമാനിതരാവുന്നതാണ് കണ്ടത്. ആത്മ വിശ്വാസക്കുറവുകൊണ്ടാവും യുഡിഎഫിലെ മിടുക്കരായ പ്രാസംഗികര്‍ പോലും പരുങ്ങുന്നതു കണ്ടുവെന്ന് മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

അവിശ്വാസം പരാജയപ്പെട്ടു. ജനങ്ങള്‍ക്ക് ജനപക്ഷ ഹൃദയപക്ഷ LDF സര്‍ക്കാരിനോടുള്ള മലയാളികളുടെ വിശ്വാസം ഇരട്ടിയാവുകയും ചെയ്തു.

ഒന്നാന്തരം സെല്‍ഫ് ഗോളുകള്‍ തുടരെ വഴങ്ങി UDF സ്വയം അപമാനിതരാവുന്നതാണ് കണ്ടത്. ആത്മ വിശ്വാസക്കുറവുകൊണ്ടാവും UDF ലെ മിടുക്കരായ പ്രാസംഗികര്‍ പോലും പരുങ്ങുന്നതു കണ്ടു.

കാമ്പും കഴമ്പുമില്ലാത്ത ആരോപണങ്ങളുമായി വന്ന പ്രതിപക്ഷത്തെ ചെയ്തു കൂട്ടിയ ഗൃഹ പാഠങ്ങളൊന്നും തുണച്ചില്ല.

പ്രമേയാവതാരകന്‍ ശ്രീ.വി.ഡി സതീശന്റ ശരീരഭാഷയില്‍ തന്നെ ആത്മ വിശ്വാസക്കുറവ് നിഴലിക്കുന്നുണ്ടായിരുന്നു. വാക്കുകള്‍ കൊണ്ട് തീമഴ പെയ്യിക്കാനുള്ള ചിലരുടെ ശ്രമം പാതിവഴിയില്‍ അണഞ്ഞുപോയി. മലര്‍പ്പൊടിക്കുടം തലയിലേറ്റും മുന്നേ വീണുടഞ്ഞു പോയി. പുകമറയും ഒഴിഞ്ഞു പോയി, LDF പക്ഷത്തു നിന്നും സംസാരിച്ചവരുടെ വാക്കുകള്‍ കൊടുങ്കാറ്റായി , മറിച്ച് ഇരു പ്രളയങ്ങളേയും,നിപ്പയേയും, കോവിഡിനേയുമൊക്കെ സമര്‍ത്ഥമായി പ്രതിരോധിച്ച്,നവകേരള സൃഷ്ടിയിലൂടെ രാജ്യത്തിനു തന്നെ മാതൃകയായ പിണറായി സര്‍ക്കാരിന്റെ ഉജ്ജ്വല പ്രകടനത്തിനു മുന്നില്‍ പ്രതിപക്ഷത്തിന്റെ ആവനാഴിയില്‍ അമ്പൊഴിഞ്ഞു, പ്രതിരോധ പടച്ചട്ടകള്‍ കീറിമുറിഞ്ഞു.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനാളില്ലാതെ തട്ടിക്കളിക്കപ്പെടുന്ന വാര്‍ത്തയും അവരെ അസ്വസ്ഥരാക്കിയിട്ടുണ്ടാവാം.

കഴിഞ്ഞ നാലര വര്‍ഷക്കാലം കൊണ്ട് ഇടതു സര്‍ക്കാര്‍ നവകേരള സൃഷ്ടി നടത്തിയെടുത്തത്, ലൈഫ് മിഷനിലൂടെ 2,24,256 കുടുംബങ്ങള്‍ അരക്ഷിത സാഹചര്യങ്ങളില്‍ നിന്നും ഭവനങ്ങളുടെ സുരക്ഷിതത്വത്തിലേയ്ക്ക് നടന്നു കയറിയത്, ജലവിഭവ സംരക്ഷണവും മാലിന്യ സംസ്‌കരണവും ജൈവ പച്ചക്കറി കൃഷിയും കോര്‍ത്തിണക്കിയ ഹരിതം പദ്ധതി, കോവിഡ് പ്രതിരോധത്തിലടക്കം രാജ്യാന്തര ശ്രദ്ധ നേടിയ ആര്‍ദ്രം പദ്ധതി, 5 ലക്ഷം കുട്ടികളെ പൊതു വിദ്യാഭ്യാസ രംഗത്തേയ്ക്ക് കൊണ്ടുവരികയും പ്രാഥമിക വിദ്യാഭ്യാസം പോലും ഹൈടെക്ക് ആവുകയും ചെയ്ത പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, 4000 റോഡുകളും 517 പാലങ്ങളും, 7500 സര്‍ക്കാര്‍ കെട്ടിടങ്ങളും 20000 കി.മി ബി.എം.സി.സി റോഡുകളും നാലരക്കൊല്ലം കൊണ്ട് നിര്‍മ്മിച്ച് പൊതുനിരത്തില്‍ പുതു വിപ്ലവം വിരിയിച്ച പൊതുമരാമത്ത് വകുപ്പിന്റെ പ്രകടനം, മറ്റ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കാര്യക്ഷമമായ പ്രകടനം, സ്റ്റാര്‍ട്ട് അപ്പുകളെ സഹായിക്കുന്ന ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പദ്ധതി, ഫയല്‍ തീര്‍പ്പാക്കല്‍ പദ്ധതി തുടങ്ങി പിണറായി വിജയന്‍ സര്‍ക്കാരിന്റെ മിന്നുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ഈ അവിശ്വാസ പ്രമേയ ചര്‍ച്ച സഹായിച്ചു.മനസ്സറിയാതെയെങ്കിലും പ്രതിപക്ഷം സര്‍ക്കാരിനു വേണ്ടി PR പണിയെടുത്തു .

കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ, മൂന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം കേരളം കാതു കൂര്‍പ്പിച്ച്, ഇമ ചിമ്മാതെ കേട്ടു, കണ്ടു. ഇടതു സര്‍ക്കാരിന്റെ പ്രോഗ്രസ്സ് കാര്‍ഡ് അദ്ദേഹം അവതരിപ്പിച്ചത് പരസ്യ ഇടവേളകള്‍ പോലും ഉപേക്ഷിച്ച് എല്ലാ ചാനലുകളും പ്രൈം ടൈമില്‍ സംപ്രേഷണം ചെയ്തു.

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പ്രതീക്ഷിച്ചതു പോലെ പരാജയപ്പെട്ടെങ്കിലും ജനങ്ങള്‍ക്ക് പിണറായി വിജയന്‍ സര്‍ക്കാരിലുള്ള വിശ്വാസം ഇരട്ടിപ്പിക്കാന്‍ സഹായകമായി. അവസാനം എങ്ങിനെയെങ്കിലും രക്ഷപെട്ട് പോയാല്‍ മതിയെന്ന മട്ടില്‍ നീണ്ട 12 മണിക്കൂറുകള്‍ക്ക് ശേഷം കോവിഡ് കാലമാണ് ഇവിടെ ഇങ്ങനെയിരിക്കുന്നത് തെറ്റാണ് എന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണം സഭയില്‍ ചിരി പടര്‍ത്തി.

40 തിനെതിരെ 87 വോട്ടുകള്‍ക്ക് UDF ന്റെ അവിശ്വാസ പ്രമേയം കേരള നിയമസഭയും ഒരു വോട്ടു പോലും ചാര്‍ത്തിക്കൊടുക്കാതെ കേരള സമൂഹവും തള്ളിക്കളഞ്ഞു.

Exit mobile version