ആവര്‍ത്തിച്ച് നാണം കെട്ട് യുഡിഎഫ്, ഇനിയൊരു അവിശ്വാസവുമായി വരില്ലെന്ന് ഉറപ്പാണ്; എംഎം മണി

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന് എതിരെ പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെ പരിഹാസവുമായി എംഎം മണി. ഇനിയൊരു അവിശ്വാസവുമായി വരില്ലെന്ന് ഉറപ്പാണെന്ന് എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചു.

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളെല്ലാം മനസ്സിലാക്കിയിട്ടുണ്ട്. ഒന്നും മനസ്സിലാക്കാതെ അവിശ്വാസ പ്രമേയവുമായി പുറപ്പെട്ട പ്രതിപക്ഷ മെമ്പര്‍മാര്‍ക്ക് എല്ലാം മനസ്സിലാക്കുന്നതിനു വേണ്ടി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അവര്‍ എല്ലാം വായിച്ച് മനസ്സിലാക്കിയാല്‍ ഇനിയൊരു അവിശ്വാസവുമായി വരില്ലെന്ന് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

നാല്‍പതിനെതിരെ 87 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച അവിശ്വാസ പ്രമേയ ചര്‍ച്ച രാത്രി ഒമ്പതോടെയാണ് പൂര്‍ത്തിയായത്. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം മൂന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം പ്രമേയം വോട്ടിനിടുകയായിരുന്നു. മുഖ്യമന്ത്രിയുടെ മറുപടി പുരോഗമിക്കവേ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി അധികസമയമെടുത്തെന്നും പ്രതിപക്ഷം ആരോപിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്നു നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോര്‍ച്ച അവിശ്വാസ പ്രമേയ വോട്ടെടുപ്പിലും ആവര്‍ത്തിച്ച് നാണം കെട്ട് യു.ഡി.എഫ്. ഫലത്തില്‍ യുഡിഎഫുകാര്‍ അവര്‍ക്കെതിരെ തന്നെ അവിശ്വാസം പ്രകടിപ്പിച്ച ദിവസമായിരുന്നു ഇന്ന്.

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളെല്ലാം മനസ്സിലാക്കിയിട്ടുണ്ട്. ഒന്നും മനസ്സിലാക്കാതെ അവിശ്വാസ പ്രമേയവുമായി പുറപ്പെട്ട പ്രതിപക്ഷ മെമ്പര്‍മാര്‍ക്ക് എല്ലാം മനസ്സിലാക്കുന്നതിനു വേണ്ടി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അവര്‍ എല്ലാം വായിച്ച് മനസ്സിലാക്കിയാല്‍ ഇനിയൊരു അവിശ്വാസവുമായി വരില്ലെന്ന് ഉറപ്പാണ്.

Exit mobile version