കാപട്യമേ നിന്റെ പേരോ ചെന്നിത്തല: യുഡിഎഫിന് എണ്ണി എണ്ണി മറുപടി നൽകി പ്രദീപ് കുമാർ എംഎൽഎ

തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയ അനാവശ്യ ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകി എ പ്രദീപ് കുമാർ എംഎൽഎ. യുഡിഎഫ്
അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും നിലപാടിൽ ഉറച്ചു നിൽക്കാത്ത കാപട്യക്കാരാണ് പ്രതിപക്ഷമെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിക്ക് സഹായകരമായ നിലപാട് എടുക്കുന്ന യുഡിഎഫിനെ പരിഹസിച്ച അദ്ദേഹം കോൺഗ്രസ് ഏതാ ബിജെപി ഏതാ എന്ന് മനസിലാകാത്ത സ്ഥിതിയാണുള്ളതെന്നും കുറ്റപ്പെടുത്തി.

പ്രദീപ് കുമാർ എംഎൽഎയുടെ നിയമസഭയിലെ വാക്കുകൾ ഇങ്ങനെ: പൊതുജീവിതത്തിൽ ഈ സർക്കാരിനെ പിന്തുണച്ചതാണ് അഭിമാനകരമായ സംഭവം. ബിജെപി സർക്കാരിനെതിരെ നെഞ്ചൂക്കോടെ നിലപാടെടുക്കുന്നത് ഈ കേരള സർക്കാരല്ലാതെ വേറെ ഏതാണ്. തത്വാധിഷ്ടിത നിലപാടിന്റെ ഭാഗമായാണ് വിമാനത്താവളം ഏറ്റെടുക്കാൻ തീരുമാനിച്ചത്. തൊഴിൽ നിയമപരിഷ്‌കാരങ്ങൾ നടപ്പിലാക്കില്ലെന്ന് പറഞ്ഞത് ഈ സർക്കാരാണ്. ലേലത്തിൽ പങ്കെടുക്കാതെ മറ്റൊരു വഴി തേടാമായിരുന്നെന്ന് ചെന്നിത്തല പറഞ്ഞത് പണ്ട് കെവി തോമസിന്റെ വീട്ടിൽ വിളിച്ച് സത്കരിച്ചതും വിഴിഞ്ഞം തുറമുഖ കരാർ പോയതും ഓർമ്മ വേണം. ആ വഴിക്കല്ല ഈ സർക്കാർ പോകുന്നത്. ശശി തരൂർ ബിജെപി സർക്കാരിന് അനുകൂലമായ നിലപാടല്ലേ സ്വീകരിച്ചത്. ചാപല്യമേ നിന്റെ പേരോ സ്ത്രീ എന്ന് ഷേക്‌സ്പിയർ ചോദിച്ചത് ഇപ്പോഴാണെങ്കിൽ, കാപട്യമേ നിന്റെ പേരോ ചെന്നിത്തല എന്ന് ചോദിച്ചേനെ.

സ്വപ്‌നയ്‌ക്കെതിരെ ആരോപണം വന്നപ്പോൾ കൈയ്യോടെ പുറത്താക്കി. സ്വർണ്ണക്കടത്തിലെ തീവ്രവാദ ബന്ധത്തെക്കുറിച്ച് എന്തേ ഷാജിയും സതീശനും ഒന്നും പറയുന്നില്ല. ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് കേന്ദ്രസഹമന്ത്രി പറയുന്നു. അവിടെ ഭായ് ഭായ് സമീപനമാണ്. പുതിയ രാഷ്ട്രീയ ബാന്ധവത്തിന്റെ ഒരുക്കമാണ് നടക്കുന്നത്. ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നതിനിടെ അനിൽ അക്കര ബി ഗോപാലകൃഷ്ണന് കൈമാറുന്നു. ആക്ഷേപം ഉന്നയിക്കാൻ വിവരങ്ങൾ സപ്ലൈ ചെയ്യുന്നു. ആര് ബിജെപിക്ക് കോൺഗ്രസുകാരൻ. അനിൽ അക്കരയുടെ ഡാറ്റ ബിജെപിക്ക് പോയി.

ഫിലമെന്റ് അടിച്ചുപോയ കുറേപേർ ഐയുഎംഎല്ലിൽ അതാ അവിടെ ഇരിക്കുന്നു. പിഎസ്‌സിയെക്കുറിച്ച് പറയുമ്പോൾ വസ്തുത വേണ്ടേ. 16,508 തസ്തികകൾ പുതുതായി സൃഷ്ടിച്ചത് ഈ സർക്കാരാണ്. കെഎസ്ആർടിസിയിലും ഇതാണ് സ്ഥിതി. പൊതുവിദ്യാലയങ്ങൾ തകർക്കുകയായിരുന്നില്ലേ നിങ്ങളുടെ അജണ്ട. 11,000 എൽപിയുപി അധ്യാകർക്കാണ് ഞങ്ങൾ നിയമനം നൽകിയത്. 12,108 പേർക്ക് പോലീസിൽ നിയമനം നൽകി.

കാപ്യടമേ നിന്റെ പേരോ യുഡിഎഫ്. അന്തസ്സ് വേണം, ആത്മാർത്ഥത വേണം. നിലപാട് വേണം. ഒരു റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് സമരം ചെയ്തവർ അത് നീട്ടിവെക്കണമെന്ന് പറഞ്ഞ് സമരം ചെയ്തു. വികസനമാണ് ഈ സർക്കാരിന്റെ നേട്ടം. കേസുകൊടുത്തും സമരം നടത്തിയും വികസനം തടയാൻ ശ്രമിച്ചവരല്ലേ നിങ്ങൾ. കേരള ബാങ്ക്, കെഎഎസും നിങ്ങൾ തടയാൻ ശ്രമിച്ചില്ലേ. ലൈഫ് മിഷനും ഐടി വികസനവും നിങ്ങൾ ദുരാരോപണം നടത്തി നിങ്ങൾ തടയാൻ ശ്രമിച്ചില്ലേ. ലൈഫ് മിഷനിൽ നിങ്ങൾ കൊടുത്തത്-3141 വീട്. ആ സ്ഥാനത്ത് ഞങ്ങൾ 2,24,332 വീട്. ഈ സർക്കാർ കൊടുത്തു. വിട്ടുപോയവർക്ക് കൊടുക്കാനും അവസരമുണ്ടാക്കി. നിങ്ങളുടെ കാലത്ത് ഒരോ മേഖലയിൽ 20 ഓളം കൺസൾട്ടൻസി ഉണ്ടായിരുന്നില്ലേ.

വയനാട് വിമാനത്താവളത്തിന്റെ പേരിലും എയർ ബസ് പദ്ധതിക്കും കൺസൾട്ടൻസിയുടെ പേരിൽ എത്ര കോടി കൊടുത്തു. നിപ്പാ, ഓഖി, പ്രളയം ഒക്കെ വന്നപ്പോൾ സംസ്‌കാര ശൂന്യമായ നിലപാടിയിരുന്നില്ലേ. സിസ്റ്റർ ലിനിയുടെ കുടുംബത്തിനോടും പോലും നിങ്ങൾ എന്ത് മോശമായി പറഞ്ഞു. ചെങ്ങന്നൂരിലിരിക്കുന്ന മഹാദേവനെയും കേരളത്തിൽ വിമാനമിറങ്ങിയ ഉസ്മാനെ വരെ വിളിച്ച് സംസാരിച്ച് കോമാളിയായി മാറിയില്ലേ പ്രതിപക്ഷ നേതാവ്.

Exit mobile version