കൊവിഡ് കാലത്തെ ഓൺലൈൻ നിക്കാഹ് ഇസ്ലാമികമല്ല, സാധുവാകില്ല: സമസ്ത പണ്ഡിതർ

കോഴിക്കോട്: നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം കൊവിഡ് കാലത്തെ യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ഓൺലൈനിലൂടെ നടത്തുന്നതിനെതിരെ സുന്നി പണ്ഡിതർ. ഓൺലൈൻ വഴിയുള്ള നിക്കാഹ് ഇസ്‌ലാമിക നിബന്ധനകൾ പാലിക്കാത്തതായതുകൊണ്ട് സാധുവാകില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ വ്യക്തമാക്കി. സമസ്ത കൂടിയാലോചന സമിതിയിലേക്ക് വന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് മുശാവറ ഇക്കാര്യം വ്യക്തമാക്കിയത്.

വരനും വധുവിന്റെ രക്ഷിതാവും രണ്ട് സാക്ഷികളും പരസ്പരം കാണുകയും കേൾക്കുകയും ചെയ്യും വിധം നിഷേധിക്കാൻ പറ്റാത്ത രൂപത്തിൽ ഒരേയിടത്ത് ഒരുമിച്ചിരുന്ന് നിക്കാഹിന്റെ പ്രത്യേക വചനങ്ങൾ പരസ്പരം പറയണമെന്നത് (ഈജാബ്, ഖബൂൽ) നിക്കാഹിൽ വളരെ പ്രധാനമാണ്.

വരനും വധുവിന്റെ രക്ഷിതാവിനും അസൗകര്യമെങ്കിൽ വിശ്വസ്തനായ ഒരാളെ നിക്കാഹിന് ചുമതലപ്പെടുത്തുന്നതിന് (വക്കാലത്ത്) സൗകര്യവുമുണ്ട്. ഈ തരത്തിലുള്ള വകുപ്പുകളുണ്ടായിരിക്കെ അത്തരം സാധ്യതകൾ ഉപയോഗപ്പെടുത്തി ഒരു വേദിയിൽ ഒരുമിച്ചുകൂടിയാണ് നിക്കാഹ് നടത്തേണ്ടത്. കക്ഷിത്വ ഭിന്നതകളില്ലാതെ മുസ്ലിങ്ങൾക്കിടയിൽ ഇക്കാലമത്രയും നടന്നുവരുന്ന രീതിയും ഇതുതന്നെയാണ്. ഇതിന് പകരം അപ്പപ്പോൾ തോന്നുന്ന രീതിയെ ആദർശവത്കരിക്കുന്നത് ആർക്കും ആശാസ്യമായ നിലപാടല്ലെന്ന് സമസ്ത ചൂണ്ടിക്കാണിച്ചു.

യോഗം പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി, എം അലിക്കുഞ്ഞി മുസ്‌ലിയാർ ശിറിയ, പിഎ ഹൈദ്രോസ് മുസ്‌ലിയാർ കൊല്ലം, പി അബ്ദുൽ ഖാദിർ മുസ്‌ലിയാർ പൊന്മള, പിടി കുഞ്ഞമ്മു മുസ്‌ലിയാർ കോട്ടൂർ, സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, കെപി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം എന്നിവർ സംസാരിച്ചു. എപി മുഹമ്മദ് മുസ്‌ലിയാർ സ്വാഗതവും പേരോട് അബ്്ദുറഹ്മാൻ സഖാഫി നന്ദിയും പറഞ്ഞു.

Exit mobile version