മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍; ഉപവാസം അനുഷ്ടിക്കും, വീണ്ടും അപഹാസ്യനാവരുതേ എന്ന് സോഷ്യല്‍മീഡിയ

തിരുവന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജി ആവശ്യപ്പെട്ട് ഉപവാസം അനുഷ്ടിക്കുമെന്നാണ് അറിയിപ്പ്. ഓഗസ്റ്റ് 25ന് കെപിസിസി ആസ്ഥാനത്താണ് ഉപവാസം അനുഷ്ഠിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ചുവരെ നടക്കുന്ന ഉപവാസ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

കെപിസിസി പ്രസിഡന്റിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡിസിസി പ്രസിഡന്റുമാരും ഉപവാസം അനുഷ്ഠിക്കുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാം ശരിയാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാം തകര്‍ത്തുവെന്നും ജനം ദുരിതത്തിലും ദുഃഖത്തിലുമാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നു. ഈ സര്‍ക്കാര്‍ കൊണ്ടുവന്ന ഓരോ ഇടപാടിലും കോടികളുടെ അഴിമതിയാണ്.

നികുതിദായകന്റെ പണം ഇതുപോലെ കട്ടുമുടിക്കുകയും ആഢംബരത്തിനും ധൂര്‍ത്തിനും വിനിയോഗിക്കുകയും ചെയ്ത സര്‍ക്കാര്‍ ഇതിന് മുന്‍പ് ഒരിക്കലും കേരളം ഭരിച്ചിട്ടില്ലെന്നും ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കേണ്ടത് സംസ്ഥാനത്തിന്റെ നിലനില്‍പ്പിന് തന്നെ ആവശ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം, സര്‍ക്കാരിനെതിരെ താഴെ വീഴ്ത്താന്‍ ഇറങ്ങി സ്വയം അപഹാസ്യനാകരുതേ എന്ന അപേക്ഷയും ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.

Exit mobile version