ഗണ്‍മാന് കൊവിഡ് 19; മന്ത്രി കെടി ജലീല്‍ വീണ്ടും നിരീക്ഷണത്തില്‍ പ്രവേശിച്ചു; ഫോണില്‍ എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാമെന്ന് മന്ത്രി

തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ വീണ്ടും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മന്ത്രിയുടെ ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

അതേസമയം, മന്ത്രിയുടെ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവാണ്. മന്ത്രിക്കൊപ്പം കരിപ്പൂര്‍ വിമാനത്താവള ദുരന്ത സ്ഥലം സന്ദര്‍ശിച്ച ഗണ്‍മാനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കളക്ടര്‍, അസി. കളക്ടര്‍, സബ് കളക്ടര്‍ എസ്പി, എഎസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും 7 മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു.

മുഖ്യമന്ത്രിയും കെടി ജലീലുമടക്കം 7 മന്ത്രിമാര്‍ ആണ് നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളത്. മന്ത്രി ഇപി ജയരാജന്‍. കെകെ ശൈലജ. എകെ ശശീന്ദ്രന്‍, എസി മൊയ്തീന്‍, വിഎസ് സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ നിലവില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

ഞാനും എന്റെ ഗണ്‍മാനും ഡ്രൈവറും പതിനാല് ദിവസത്തെ ക്വാറന്റൈന് ശേഷം ഇന്ന് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്കും ഡ്രൈവര്‍ക്കും നെഗറ്റീവാണ്. ഗണ്‍മാന്റെ ഫലം പോസിറ്റീവാണ്. അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും. ഞാനടക്കമുള്ളവരോട് ക്വാറന്റൈനില്‍ പോവാന്‍ തിരുവനന്തപുരം ഡിഎംഒ അറിയിച്ചിട്ടുണ്ട്. ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്നെ ഫോണില്‍ ബന്ധപ്പെടാവുന്നതാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു.

Exit mobile version