കൊവിഡിനെ നേരിടാന്‍ ‘കടല്‍പ്പായല്‍’; സിഫ്റ്റിന്റെ കണ്ടെത്തലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

തോപ്പുംപടി: പ്രതിരോധ ശേഷിയുള്ളവരെ കൊവിഡ് അത്രത്തോളം ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡിനെ തടയാന്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ‘കടല്‍പ്പായല്‍’ ഉത്തമമെന്ന് കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനത്തിന്റെ (സിഫ്റ്റ്) കണ്ടെത്തല്‍.

ഇതുമായി ബന്ധപ്പെട്ട് സിഫ്റ്റിലെ ഗവേഷകര്‍ തയ്യാറാക്കിയ ലേഖനത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. ലേഖനത്തില്‍ കൊറോണയ്‌ക്കെതിരേ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് കടല്‍പ്പായലിന്റെ സാധ്യതകളാണ് വിവരിക്കുന്നത്.

ഈ ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കടല്‍പ്പായലില്‍ ആന്റി ഓക്‌സിഡന്റുകളും അമിനോ ആസിഡുകളും വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയിട്ടുള്ളതായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.കടല്‍പ്പായലുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങള്‍ കൊച്ചിയിലെ സിഫ്റ്റില്‍ നടന്നിരുന്നു.

കടല്‍പ്പായല്‍ ഉപയോഗിച്ച് വിവിധ ഭക്ഷ്യ ഉത്പന്നങ്ങള്‍ സിഫ്റ്റ് നേരത്തെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബിസ്‌കറ്റുകള്‍, കുക്കീസ്, ജ്യൂസുകള്‍, യോഗര്‍ട്ട്, കാപ്‌സ്യൂള്‍സ് എന്നിവയെല്ലാം ഇതിലുള്‍പ്പെടും. സാനിറ്റൈസര്‍ ഉത്പാദനത്തിനും കടല്‍പ്പായല്‍ ഉപയോഗിക്കാമെന്ന് ഗവേഷണത്തിലൂടെ ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

സിഫ്റ്റിലെ ശാസ്ത്രജ്ഞരായ ആഷിഷ് കെ. ഝാ, ഡോ. സുശീല മാത്യു, ഡയറക്ടര്‍ കൂടിയായ ഡോ. സി.എന്‍. രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗവേഷണ ലേഖനം തയ്യാറാക്കിയത്. കടല്‍പ്പായലിന്റെ പോഷക പ്രാധാന്യം തിരിച്ചറിഞ്ഞ് സാധാരണക്കാര്‍ക്ക് അതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് സിഫ്റ്റ് ഡയറക്ടര് ഡോ. സി.എന്‍. രവിശങ്കര്‍ പറഞ്ഞു.

Exit mobile version