ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 53 ജീവനക്കാര്‍ക്ക് കൊവിഡ്: ആലത്തൂര്‍ താലൂക്ക് ആശുപത്രി അടച്ചു

ആലത്തൂര്‍: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലക്കാട് ആലത്തൂര്‍ താലൂക്ക് ആശുപത്രി അടച്ചു. ഏഴ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 53 ജീവനക്കാര്‍ക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചത്. അണുവിമുക്തമാക്കല്‍ നടപടിക്ക് ആയിട്ടാണ് ആശുപത്രി അടച്ചത്.

നേരത്തെ ഐപി വിഭാഗം ഒഴികെയുള്ളവ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ജീവനക്കാരില്‍ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആശുപത്രി മുഴുവനായും അടച്ചത്. അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ആശുപത്രി അണുവിമുക്തമാക്കി തിങ്കളാഴ്ച മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അധികൃതര്‍ പറഞ്ഞു.

പാലക്കാട് ജില്ലയില്‍ ഇന്നലെ 65 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 28 പേര്‍ക്ക് രോഗം ബാധിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 20 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. ഉറവിടം അറിയാത്ത 5 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 91പേര്‍ രോഗമുക്തി നേടിയിരുന്നു.

Exit mobile version