ഈ വര്‍ഷത്തെ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ്-19 വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണാധികാരികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കള്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ പൂക്കളമൊരുക്കാന്‍ അതത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കുന്ന നിലയുണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാന അതിര്‍ത്തിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കി ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി.

നല്ല നിലയിലുള്ള ബോധവല്ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. മറ്റ് വകുപ്പുകളിലെ ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി ഉപയോഗിക്കുന്നുണ്ടെന്ന് കലക്ടര്‍മാര്‍ ഉറപ്പു വരുത്തണം. രോഗവ്യാപനം തടഞ്ഞ് ജീവന് രക്ഷിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് എന്തുകൊണ്ട് എന്നത് ഓരോ പ്രദേശത്തിന്റെയും പ്രത്യേകത എടുത്ത് പരിശോധിക്കണം. അതിന്റെ ഭാഗമായി ചെയ്യേണ്ടതൊക്കെ ചെയ്യണം. ഇപ്പോള്‍ മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ നമുക്കാവുന്നുണ്ട്. എന്നാല്‍ രോഗവ്യാപനം വലിയതോതില്‍ വര്‍ധിക്കുകയാണെങ്കില്‍ മരണനിരക്കും കൂടും. ഇതൊഴിവാക്കാന്‍ ആരോഗ്യവകുപ്പ് അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. വാര്‍ഡുതല സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കണമെന്നും നിര്‍ദേശം നല്‍കി

Exit mobile version