സ്‌കൂളുകള്‍ ഡിസംബറില്‍ തുറക്കാനായാല്‍ വേനല്‍ അവധി മാസങ്ങളില്‍ കൂടി അധ്യായനം; സര്‍ക്കാര്‍ ആലോചനയില്‍

തിരുവനന്തപുരം: സ്‌കൂളുകള്‍ ഡിസംബറില്‍ തുറക്കാനായാല്‍ വേനല്‍ അവധി മാസങ്ങള്‍ കൂടി പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഏപ്രില്‍, മേയ് മാസങ്ങളിലെ മധ്യവേനല്‍ അവധി കൂടി ഇക്കൊല്ലത്തെ അധ്യായനത്തിനും, വാര്‍ഷിക പരീക്ഷകള്‍ക്കുമായി ക്രമീകരിക്കുന്നതാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ശനിയാഴ്ചകളിലും പ്രവര്‍ത്തിദിനമായിരിക്കും. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെ ശനിയാഴ്ചകളില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി അഞ്ച് മാസം സ്‌കൂളില്‍ അധ്യായനം നടത്തണം. ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ബാക്കി പാഠഭാഗങ്ങള്‍ അതിനകം പരമാവധി പഠിപ്പിച്ചു തീര്‍ക്കാനാവും എന്നാണ് കണക്കാക്കുന്നത്.

ഒമ്പതാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ മേയ് പകുതിയോടെയും, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മേയ് അവസാനത്തോടെയും പൂര്‍ത്തിയാക്കാം എന്നിങ്ങനെയാണ് സര്‍ക്കാര്‍ ആലോചിക്കുന്ന വഴികള്‍. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാഫലം ജൂണ്‍ 15 നകം പ്രസിദ്ധീകരിക്കാനും, ജൂലായില്‍ പ്ലസ് വണ്‍, ഡിഗ്രി പ്രവേശനം പൂര്‍ത്തിയാക്കാനും കഴിയും.

ഇതിലൂടെ അടുത്ത അധ്യായന വര്‍ഷത്തെ ബാധിക്കാതെ തന്നെ ജൂണ്‍ പകുതിയോടെ സ്‌കൂളുകള്‍ തുറക്കാന്‍ കഴിഞ്ഞേക്കും. ഡിസംബറില്‍ സ്‌കൂളുകള്‍ തുറക്കാനായില്ലെങ്കില്‍ മാത്രം സിലബസ് വെട്ടിക്കുറക്കാം എന്നാണ് സര്‍ക്കാരിന്റെ നിലപാട്.

Exit mobile version