മലപ്പുറം വേങ്ങരയിൽ സൂപ്പർ മാർക്കറ്റിലെ 7 ജീവനക്കാർക്ക് കൊവിഡ്; സൂപ്പർമാർക്കറ്റിൽ പോയവർക്ക് നിരീക്ഷണം

മലപ്പുറം: മലപ്പുറം ജില്ലയിലെ വേങ്ങര ജനതാ ബസാർ സൂപ്പർ മാർക്കറ്റിലെ 7 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം ഏഴ് മുതൽ 17 വരെ സൂപ്പർമാർക്കറ്റ് സന്ദർശിച്ചവർ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. സൂപ്പർമാർക്കറ്റ് തൽക്കാലികമായി അടച്ചിരിക്കുകയാണ്.

അതേസമയം ജില്ലയിൽ തിങ്കളാഴ്ച 306 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ ഔദ്യോഗികമായി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 14 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. 288 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 13 പേർ ഉറവിടമറിയാത്തവരാണ്. 275 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗബാധ ഉണ്ടായത്.

വൈറസ് ബാധിതർ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ ജാഗ്രത കർശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

Exit mobile version