ഏതാനും ദിവസങ്ങള്‍ക്കകം 69 വയസ്സ് പൂര്‍ത്തിയാകാന്‍ പോകുന്ന മനുഷ്യനാണ്; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ‘ലുക്ക്’ വാഴ്ത്തി കുറിപ്പ്

കൊച്ചി; കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ ഒന്നടങ്കം ചര്‍ച്ച ചെയ്ത ചിത്രമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വര്‍ക്ക് ഔട്ട് ചിത്രം. പ്രായം വെറും അക്കമാണെന്ന് തെളിയിക്കുകയായിരുന്നു ആ ചിത്രത്തിലൂടെ. ഇപ്പോള്‍ ആ ചിത്രത്തെ വാഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് ദാസ്. ഏതാനും ദിവസങ്ങള്‍ക്കകം 69 വയസ്സ് പൂര്‍ത്തിയാകാന്‍ പോകുന്ന മനുഷ്യനാണ് എന്ന് കുറിച്ചുകൊണ്ടാണ് സന്ദീപ് ദാസ് മമ്മൂട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

എഴുപതിനോടടുത്ത് പ്രായമുള്ള മനുഷ്യര്‍ സാധാരണഗതിയില്‍ എന്തെല്ലാമാണ് ചെയ്യാറുള്ളത്? ചിലര്‍ മരണത്തെ പ്രതീക്ഷിച്ചുതുടങ്ങും. കുറച്ചുപേര്‍ കിടപ്പിലാകും. വേറെ ചിലര്‍ പേരക്കുട്ടികളെ കളിപ്പിച്ച് വീട്ടിലിരിക്കും. ജീവിതത്തില്‍ ഇനിയൊന്നും ചെയ്യാനില്ല എന്ന് ബഹുഭൂരിപക്ഷം പേരും തീരുമാനിച്ചുറപ്പിക്കും.

എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ല. ഈ പ്രായത്തിലും ഇരുപതുകാരന്റെ മനസ്സും ശാരീരികക്ഷമതയും അദ്ദേഹം നിലനിര്‍ത്തുന്നു. ഇനിയും നൂറുവര്‍ഷം അഭിനയിക്കാനുള്ള ബാല്യം തന്നില്‍ അവശേഷിക്കുന്നു എന്നാണ് മമ്മൂട്ടി വിശ്വസിക്കുന്നത്. നമുക്കെല്ലാവര്‍ക്കും മാതൃകയാണ് അദ്ദേഹമെന്ന് സന്ദീപ് കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മമ്മൂട്ടിയുടെ ഈ ഫോട്ടോ നോക്കൂ. ഏതാനും ദിവസങ്ങള്‍ക്കകം 69 വയസ്സ് പൂര്‍ത്തിയാകാന്‍ പോകുന്ന മനുഷ്യനാണ്. ഈ ഫോട്ടോ കണ്ടാല്‍ അങ്ങനെ പറയുമോ!? എഴുപതിനോടടുത്ത് പ്രായമുള്ള മനുഷ്യര്‍ സാധാരണഗതിയില്‍ എന്തെല്ലാമാണ് ചെയ്യാറുള്ളത്?

ചിലര്‍ മരണത്തെ പ്രതീക്ഷിച്ചുതുടങ്ങും. കുറച്ചുപേര്‍ കിടപ്പിലാകും. വേറെ ചിലര്‍ പേരക്കുട്ടികളെ കളിപ്പിച്ച് വീട്ടിലിരിക്കും. ജീവിതത്തില്‍ ഇനിയൊന്നും ചെയ്യാനില്ല എന്ന് ബഹുഭൂരിപക്ഷം പേരും തീരുമാനിച്ചുറപ്പിക്കും.

എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ല. ഈ പ്രായത്തിലും ഇരുപതുകാരന്റെ മനസ്സും ശാരീരികക്ഷമതയും അദ്ദേഹം നിലനിര്‍ത്തുന്നു. ഇനിയും നൂറുവര്‍ഷം അഭിനയിക്കാനുള്ള ബാല്യം തന്നില്‍ അവശേഷിക്കുന്നു എന്നാണ് മമ്മൂട്ടി വിശ്വസിക്കുന്നത്. നമുക്കെല്ലാവര്‍ക്കും മാതൃകയാണ് അദ്ദേഹം.

പ്രായം എന്നത് കേവലം അക്കം മാത്രമാണ്. പക്ഷേ ഓരോ സ്വപ്നങ്ങള്‍ക്കും ഓരോ പ്രായപരിധിയുണ്ട് എന്നാണ് നാം ധരിച്ചുവെച്ചിരിക്കുന്നത്. വിദ്യാഭ്യാസം,ജോലി,വിവാഹം,പ്രണയം തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും ‘അതിന്റേതായ സമയം’ ഉണ്ടെന്ന് നാം വിശ്വസിക്കുന്നു. ഈ പൊതുബോധം തെറ്റിക്കുന്നവര്‍ പരിഹസിക്കപ്പെടുകയും ചെയ്യും.

പക്ഷേ സ്വപ്നങ്ങള്‍ക്ക് അങ്ങനെ യാതൊരു വിധ പരിധികളുമില്ല. മോഹങ്ങളെ പിന്തുടരാനുള്ള നിശ്ചയദാര്‍ഢ്യവും കഠിനാദ്ധ്വാനവും ഉണ്ടെങ്കില്‍ നാം ഉയരങ്ങള്‍ കീഴടക്കിയിരിക്കും. അവിടെ പ്രായം ഒരു വിഷയമേ അല്ല. അതാണ് മമ്മൂട്ടി തെളിയിക്കുന്നത്.

മമ്മൂട്ടി എക്കാലത്തും പ്രായത്തെ കീഴടക്കിയിട്ടുള്ള അഭിനേതാവാണ്. മോഹന്‍ലാല്‍ ഇരുപതാം വയസ്സിലാണ് അഭിനയം തുടങ്ങിയത്. കമല്‍ഹാസന്‍ ബാലതാരമായി രംഗത്തെത്തിയ ആളാണ്. ഇവരോടെല്ലാം താരതമ്യം ചെയ്യുമ്പോള്‍ മമ്മൂട്ടി വളരെ വൈകിയാണ് സിനിമയില്‍ സജീവമായത്. നഷ്ടപ്പെട്ട വര്‍ഷങ്ങളെയോര്‍ത്ത് ദുഃഖിച്ചിരിക്കുകയല്ല മമ്മൂട്ടി ചെയ്തത്. ഒരുപാട് കാലം തനിക്കുമുമ്പില്‍ അവശേഷിക്കുന്നുണ്ട് എന്ന രീതിയിലാണ് അദ്ദേഹം ചിന്തിച്ചത്.

മമ്മൂട്ടിയ്ക്ക് ശേഷം വന്ന പലരും സിനിമാമേഖലയില്‍നിന്ന് പുറത്തായി. ചിലര്‍ സഹനടന്മാരായി മാറി. പക്ഷേ മമ്മൂട്ടി ഇപ്പോഴും ജ്വലിച്ചുതന്നെ നില്‍ക്കുന്നു. ‘പേരന്‍പ് ‘ പോലുള്ള ക്ലാസിക്കുകള്‍ ചെയ്യുന്നു.

മമ്മൂട്ടിയെപ്പോലെ ജീവിക്കുന്നത് വളരെയേറെ പ്രയാസമുള്ള കാര്യമാണ്. ആ ജീവിതരീതി അനുകരിക്കാന്‍ ശ്രമിച്ച് ഒരുപാട് പേര്‍ പരാജയപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ബിജു മേനോന്‍ മമ്മൂട്ടിയോട് പറഞ്ഞുവെത്രേ-

”ഞാന്‍ മമ്മുക്കയേക്കാള്‍ ചെറുപ്പമാണ്. പക്ഷേ എനിക്ക് മമ്മുക്കയേക്കാള്‍ തടിയായി….”

മമ്മൂട്ടിയുടെ മറുപടി ഇതായിരുന്നു-

”തടി കുറയ്ക്കാനൊക്കെ സാധിക്കും. കുറച്ച് ബുദ്ധിമുട്ടണം എന്നേയുള്ളൂ….!”

ഒരു വടക്കന്‍ വീരഗാഥയും പഴശ്ശിരാജയും ഒക്കെ ചെയ്യാന്‍ മലയാളത്തില്‍ അന്നും ഇന്നും മമ്മൂട്ടി മാത്രമേയുള്ളൂ. മമ്മൂട്ടി വിരോധികള്‍ പോലും അക്കാര്യത്തോട് യോജിക്കും. അതുപോലുള്ള വേഷങ്ങള്‍ ചെയ്യുമ്പോള്‍ സ്വന്തം ശരീരപ്രകൃതി മമ്മൂട്ടിയെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍ മമ്മൂട്ടിയെക്കുറിച്ച് പങ്കുവെച്ച അഭിപ്രായം ഇതാണ്-

”തിരക്കഥയിലെ സംഭാഷണങ്ങള്‍ ഞാന്‍ എന്റേതായ രീതിയിലാണ് പറയാറുള്ളത്. മമ്മൂട്ടി അങ്ങനെയല്ല. ഒരു ഫുള്‍സ്റ്റോപ്പിനും കോമയ്ക്കും വരെ വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു….”

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി ഏതറ്റം വരെ വേണമെങ്കിലും മമ്മൂട്ടി സഞ്ചരിക്കും. രാജമാണിക്യം എന്ന സിനിമയില്‍ തിരുവനന്തപുരം ഭാഷയാണ് മമ്മൂട്ടി ഉപയോഗിച്ചത്. ടി.എ ഷാഹിദ് ആണ് അതിന്റെ സ്‌ക്രിപ്റ്റ് എഴുതിയത്. സംഭാഷണങ്ങള്‍ തിരുവനന്തപുരം ഭാഷയിലാക്കിയത് സുരാജ് വെഞ്ഞാറമ്മൂടും. തിരക്കഥ പൂര്‍ത്തിയായതോടെ തന്റെ ജോലി കഴിഞ്ഞു എന്ന് വിചാരിച്ച സുരാജിനെ മമ്മൂട്ടി ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ക്ഷണിച്ചു. ആ ഡയലോഗുകള്‍ തനിക്ക് വായിച്ചുതരിക കൂടി വേണം എന്ന് പറഞ്ഞു. ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും.

ജന്മസിദ്ധമായ പ്രതിഭയുടെ കാര്യത്തില്‍ മമ്മൂട്ടി താരതമ്യേന പുറകിലായിരുന്നു. അദ്ദേഹം അത് തുറന്നുസമ്മതിച്ചിട്ടുമുണ്ട്. അഭിനയിക്കുന്നതിനുവേണ്ടി ജനിച്ച ആളല്ല മമ്മൂട്ടി. അഭിനയമോഹവുമായിട്ടാണ് അദ്ദേഹം പിറന്നത്. മമ്മൂട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അദ്ദേഹം ഒരു ‘ആഗ്രഹനടനാണ് ‘.

ഗിഫ്റ്റഡ് ആക്ടറായ മോഹന്‍ലാലിനോടാണ് മമ്മൂട്ടിയ്ക്ക് മത്സരിക്കേണ്ടിവന്നത്. രണ്ടുപേരില്‍ ആരാണ് മികച്ച നടന്‍ എന്നതിനെക്കുറിച്ച് പലതരം അഭിപ്രായങ്ങളുണ്ടാവാം. മലയാളികള്‍ക്ക് തര്‍ക്കിച്ച് സമവായത്തിലെത്തിക്കാന്‍ സാധിച്ചിട്ടില്ലാത്ത ഒരു വിഷയമാണത്. പക്ഷേ മമ്മൂട്ടിയാണ് മികച്ചവന്‍ എന്ന് വിശ്വസിക്കുന്ന ഒരുപാട് പേര്‍ ഇവിടെയുണ്ട്. തന്റെ കഠിനാദ്ധ്വാനം കൊണ്ട് മമ്മൂട്ടി നേടിയെടുത്തതാണ് അത്. പരിശ്രമിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല എന്ന് മമ്മൂട്ടി പറയാതെ പറയുകയാണ്.

അതിശയോക്തിയായി തോന്നുമെങ്കിലും ഒരു കാര്യം പറയാതെ വയ്യ. നൂറാം വയസ്സില്‍ അഭിനയിച്ചാലും മമ്മൂട്ടി നായകന്‍ തന്നെയായിരിക്കും. ഈ ചുറുചുറുക്കും ഊര്‍ജ്ജസ്വലതയും അദ്ദേഹത്തില്‍ അന്നും അവശേഷിക്കുന്നുണ്ടാവും…

Exit mobile version