സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെയും മന്ത്രിമാരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി കെകെ ശൈലജയുടേയും ആന്റിജന്‍ പരിശോധനാ ഫലം നേരത്തെ നെഗറ്റീവായിരുന്നു. പിന്നാലെയാണ് സ്പീക്കറുടെയും പരിശോധനാ ഫലവും നെഗറ്റീവായത്. ഇതിനു പുറമെ, മന്ത്രിമാരായ വിഎസ് സുനില്‍കുമാറിന്റെയും എസി മൊയ്തീന്റെയും ഇപി ജയരാജന്റെയും ആന്റിജന്‍ പരിശോധനാഫലവും നെഗറ്റീവാണെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തില്‍ ആയതിനെ തുടര്‍ന്നാണ് ഏഴ് മന്ത്രിമാരും സ്പീക്കറും ഡിജിപിയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. കരിപ്പൂര്‍ വിമാനാപകട സമയത്താണ് കളക്ടറുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സമ്പര്‍ക്കത്തില്‍ വന്നത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി അടക്കമുള്ളവരുടെ സംഘത്തില്‍ ഉണ്ടായിരുന്നു. 7 മന്ത്രിമാരും നിലവില്‍ നിരീക്ഷണത്തിലാണുള്ളത്. ഇപി ജയരാജന്‍, കെകെ ശൈലജ. എകെ ശശീന്ദ്രന്‍, എസി മൊയ്തീന്‍,വി എസ് സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഡോ കെടി ജലീല്‍ എന്നീ മന്ത്രിമാരും സ്പീക്കര്‍ ശ്രീരാമ കൃഷ്ണനും നിരീക്ഷണത്തില്‍ തുടരുകയാണ്.

Exit mobile version