സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവല്ല സ്വദേശി

പത്തനംതിട്ട: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യു ആണ് മരിച്ചത്. 60 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിരിക്കവേയാണ് മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബഷീര്‍ ആണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍. വൃക്ക സംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിന് പിന്നാലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ഇയാളുടെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,025 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. നിരീക്ഷണത്തിലുള്ളവരില്‍ 1,42,291 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1479 പേരെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Exit mobile version