പെട്ടിമുടി ദുരന്തം; മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി; മരിച്ചവരുടെ എണ്ണം 55 ആയി

മൂന്നാര്‍: രാജമല പെട്ടിമുടിയില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ മരിച്ചവരുടെ എണ്ണം 55 ആയി.

കഴിഞ്ഞ ദിവസം കണ്ടെടുത്ത ആറു മൃതദേഹങ്ങളും പുഴയില്‍ നിന്നു തന്നെയാണ് കണ്ടെത്തിയത്. അപകടം നടന്ന് അഞ്ച് ദിവസം കഴിയുമ്പോഴും പതിനഞ്ച് പേരുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്. കാലാവസ്ഥയാണ് പ്രതികൂലമായി നില്‍ക്കുന്നത്. ഇവിടെ ഇപ്പോഴും തോരാതെ മഴ പെയ്യുകയാണ്.

പുഴ കേന്ദ്രീകരിച്ചാണ് ഇന്ന് തെരച്ചില്‍ നടക്കുന്നത്. പല ടീമുകളായി തിരിഞ്ഞ് പെട്ടിമുടിയാറിന്റെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ തുടരുകയാണ്. 57 പേരടങ്ങുന്ന 2 എന്‍ഡിആര്‍എഫ് ടീമും, ഫയര്‍ & റെസ്‌ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവന്‍ യൂണിറ്റും, എറണാകുളത്ത് നിന്നും 50 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും, പാലക്കാട് നിന്നും 6 അംഗങ്ങളും 24 വളണ്ടിയര്‍മാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

കേരള ആംഡ് പോലീസിന്റെ 50 അംഗങ്ങളും, ലോക്കല്‍ പോലീസിന്റെ 25 അംഗങ്ങളും, ദ്രുതകര്‍മ്മ സേനയുടെ 100 അംഗങ്ങളും, സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ 3 അംഗങ്ങളും, ക്രൈം ബ്രാഞ്ചിന്റെ 3 അംഗങ്ങളും, വാര്‍ത്താ വിനിമയ വിഭാഗത്തിന്റെ 9 അംഗങ്ങളും സംഭവ സ്ഥലത്ത് ഉണ്ട്. ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദുരന്തം നടന്ന സ്ഥലത്തുള്ള ലായങ്ങള്‍ക്കു സമീപം ഏറെ നേരം തിരച്ചിലില്‍ ഏര്‍പെട്ടെങ്കിലും പുതിയതായി മൃതദേഹങ്ങള്‍ കണ്ടത്താന്‍ കഴിഞ്ഞില്ല. വീടുകള്‍ നിലനിന്നിരുന്ന സ്ഥലത്ത് പതിച്ച കൂറ്റന്‍ പാറക്കെട്ടുകള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് പൊട്ടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Exit mobile version