ലക്ഷങ്ങളുടെ കടബാധ്യത; കൊല്ലത്തെ ബോട്ടുടമ സുപ്രിയാന്‍ ബന്ധുവിന്റെ ബോട്ടില്‍ തൂങ്ങി മരിച്ചു

കൊല്ലം: കടബാധ്യത മൂലം ബോട്ടുടമ ബന്ധുവിന്റെ ബോട്ടില്‍ തൂങ്ങി മരിച്ചു. കാവനാട് മുക്കാട് ഫാത്തിമ ഐലന്‍ഡ് പുത്തന്‍തുരുത്ത് സുബിന്‍ നിവാസില്‍ സുപ്രിയാന്‍ (45) ആണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് കക്ക വാരാനെന്ന് പറഞ്ഞാണ് സുപ്രിയാന്‍ വീട്ടില്‍നിന്നിറങ്ങിയത്.

അവിടെനിന്നാണ് ഫാത്തിമ ഐലന്‍ഡില്‍ കെട്ടിയിരുന്ന തന്റെ ബോട്ടിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബന്ധുവിന്റെ ബോട്ടില്‍ കയറിയത്. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ബോട്ട് കടലിലിറക്കാനുള്ള തയ്യാറെടുപ്പ് സുപ്രിയാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനായി ലക്ഷക്കണക്കിന് രൂപ വേണ്ടിവരുമെന്നത് ഇയാളെ മനോവിഷമത്തിലാക്കിയിരുന്നതായി മത്സ്യതൊഴിലാളികളും പറയുന്നു. നിരോധനം അവസാനിച്ചിട്ടും പ്രതികൂല കാലാവസ്ഥമൂലം കടലില്‍ പോകാനാവാത്തതും ഇദ്ദേഹത്തെ മാനസികമായി തളര്‍ത്തുകയായിരുന്നു.

മാസങ്ങളായി ബോട്ട് കടലില്‍ ഇറക്കാനാകാത്തതും സാമ്പത്തികബാധ്യതയ്ക്ക് ഇടയാക്കിയിരുന്നു. കൊവിഡ് പരിശോധനയ്ക്കുശേഷം സുപ്രിയാന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്‌കാരം ബുധനാഴ്ച രാവിലെ മുക്കാട് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍ നടക്കും. സരിതയാണ് സുപ്രിയാന്റെ ഭാര്യ. മക്കള്‍: സുബിന്‍, നിഥിന്‍.

Exit mobile version