പരിസ്ഥിതി ആഘാതത്തിന്റെ കരട് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും; സംസ്ഥാനത്തിന്റെ സാഹചര്യം കൂടി പരിശോധിച്ച് മാറ്റം വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രം നടപ്പാക്കാൻ പോകുന്ന പരിസ്ഥിതി ആഘാതത്തിന്റെ കരട് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കരടിലെ പല നിർദേശങ്ങളോടും ംസസ്ഥാനത്തിന് യോജിക്കാനാവില്ലെന്നും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായി ചർച്ചകൾ നടത്തി മാത്രമേ അന്തിമ തീരുമാനത്തിലെത്താവൂ എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ സാഹചര്യം കൂടി പരിശോധിച്ച് മാറ്റം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടത്തരം വിഭാഗത്തിലെ കാറ്റഗറി ബി വണ്ണിൽ അഞ്ച് ഹെക്ടറിൽ കൂടുതൽ നൂറ് ഹെക്ടർ വരെ എന്ന വ്യവസ്ഥയാണ് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടു നിലൽക്കുന്നത്. അഞ്ച് ഹെക്ടറിനും നൂറ് ഹെക്ടറിനുമുടിയൽ ഖനനപ്രവർത്തനങ്ങൾ നടത്തുമ്പോൾ പരിസ്ഥിതി ക്ലിയറൻസ് ആവശ്യമാണ്. ഇതിൽ അഞ്ച് എന്നത് രണ്ട് ഹെക്ടർ എന്നാക്കി ഭേദഗതി ചെയ്യണമെന്നതാണ് ആവശ്യം. അങ്ങനെ വന്നാൽ രണ്ട് ഹെക്ടറിനു മുകളിൽ ഖനനപ്രവർത്തനങ്ങൾക്ക് അനുമതി നൽകുമ്പോൾ പരിസ്ഥിതി ക്ലിയറൻസ് ആവശ്യമായി വരും. രണ്ട് ഹെക്ടറിന് താഴെ നിലവിലുള്ള ആനുകൂല്യം തുടരും.

പദ്ധതികളുടെ അനുമതിക്ക് മുമ്പ് പബ്ലിക് ഹിയറിങിനായി അനുവദിച്ചിട്ടുള്ള സമയം 20 ദിവസമായി കുറച്ചിട്ടുണ്ട്. ഇത് 30 ദിവസമായി നിലനിർത്തണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇത്രയും കുറഞ്ഞ സമയം പലമേഖലകളിലും പര്യാപ്തമല്ല.

ചെറുകിട പദ്ധതികൾക്ക് അനുമതി നൽകുന്നതിന് മുമ്പ് വിശദമായ പരിശോധന നടത്തുന്ന സംവിധാനമായിരുന്നു ജില്ലാ പാരിസ്ഥിതിക ആഘാത സമിതികൾ. ജില്ലാ സമിതികൾക്ക് നിർണ്ണായക പങ്കുണ്ട്. ഈ സമിതികളെ കരട് വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കി. ഇവയെ നിലനിർത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version