എലിപ്പനിക്കെതിരെ ജാഗ്രത വേണം; രക്ഷാപ്രവര്‍ത്തകര്‍ പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ കഴിക്കണമെന്നും മന്ത്രി പറഞ്ഞു.

പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ലെന്നും ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.

പനി, പേശി വേദന, തലവേദന, നടുവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ പൂര്‍ണമായും രോഗം ഭേദമാക്കാവുന്നതാണ്. രോഗം മൂര്‍ച്ഛിച്ചാല്‍ ഇവ രോഗിയുടെ കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും. അതിനാല്‍ തന്നെ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം.

Exit mobile version