‘അവര്‍ക്ക് ചായപ്പൊടീം, പഞ്ചസാരേം മേടിക്കാന്‍ കാശുവേണ്ടേ, എന്റെ കൈയിലൊള്ളത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ചോറിനൊപ്പം വെച്ചു’; ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കിയ പൊതിച്ചോറിനുള്ളില്‍ ആ നൂറുരൂപ കാത്തുവെച്ചത് മേരി, കൈയില്‍ പണമുണ്ടായിട്ടല്ല അത് മനുഷ്യത്വമാണ്

.തോപ്പുംപടി: ചെല്ലാനത്തേക്ക് തയ്യാറാക്കിക്കൊടുത്ത പൊതിച്ചോറിനൊപ്പം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് നൂറുരൂപ കൂടി നല്‍കിയ ഒരു സുമനസ്സിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പേര് വെളിപ്പെടുത്താന്‍ പോലും ആഗ്രഹമില്ലാതിരുന്ന ആ നല്ല മനസ്സിനുടമയെ ഒടുവില്‍ കണ്ടെത്തിയിരിക്കുകയാണ്.

കുമ്പളങ്ങിക്കാരി മേരിയാണ് മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചത്. ദുരിതമനുഭവിക്കുന്നവര്‍ക്ക് വിശപ്പകറ്റാനുള്ള പൊതിച്ചോറുകള്‍ കണ്ണമാലി പോലീസിനാണു കൈമാറിയത്. അവരാണ് അത് നാട്ടുകാര്‍ക്കു വിതരണം ചെയ്തത്. ബാക്കിവന്ന ഒരു ചോറുപൊതി പോലീസുകാരന്‍ തുറന്നുനോക്കിയപ്പോഴാണ് കറികള്‍ക്കിടയില്‍ ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഭദ്രമായി വെച്ച ഒരു നൂറുരൂപ നോട്ട് കണ്ടത്.

സംഭവം ഒരു പോലീസുകാരനാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കോടികളുടെ വിലയുള്ള നൂറിന്റെ നോട്ട് എന്ന് കുറിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ഇത് പിന്നീട് വൈറലായി മാറിയിരുന്നു. എന്നാല്‍ പൊതിച്ചോറിനുള്ളില്‍ ആരാണ് പണം വെച്ചതെന്ന് ആര്‍ക്കുമറിയില്ലായിരുന്നു.

പത്രത്തിലും വാര്‍ത്ത വന്നതോടെ മേരിയുടെ മകന്‍ സെബിന്‍ അമ്മയുടെ ചിത്രം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റുചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് ചെല്ലുമ്പോള്‍, ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു മേരി. ചെല്ലാനത്തുകാരുടെ ദുരിതത്തെക്കുറിച്ചാണ് അപ്പോഴും അവര്‍ പറഞ്ഞത്.

”അവര്‍ക്ക് ചായപ്പൊടീം, പഞ്ചസാരേം മേടിക്കാന്‍ കാശുവേണ്ടേ, എന്റെ കൈയിലൊള്ളത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ചോറിനൊപ്പം വെച്ചു” -നന്മയുടെ വെളിച്ചമായിമാറിയ ആ പൊതിച്ചോറിനെക്കുറിച്ച് മേരി പറയുന്നു. ചെല്ലാനത്ത് വെള്ളം കയറിയപ്പോള്‍ നാട്ടുകാര്‍ ദുരിതത്തിലാണെന്നറിഞ്ഞു. അവര്‍ക്ക് ചോറുപൊതി കൊടുക്കണമെന്ന് വാര്‍ഡ് മെമ്പര്‍ രത്തനാണ് പറഞ്ഞത്.

”പിന്നെയൊന്നും നോക്കീല്ല, ചോറു മാത്രം പോരെന്ന് എനിക്കു തോന്നി. ഒന്നുമില്ലാത്തവര്‍ക്കാണ് ചോറുകൊടുക്കേണ്ടത്. അവര്‍ക്ക് ഒരു ചായ കുടിക്കണ്ടേ. അതുകൊണ്ട് നൂറുരൂപ പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞ് കറിയോടൊപ്പം വെച്ചു. അപ്പോള്‍ ഒരു സമാധാനം” – നിഷ്‌കളങ്കമായി മേരി ചിരിച്ചു.

കൈയില്‍ പണമുണ്ടായിട്ടല്ല മേരി അതു ചെയ്തത്. കുമ്പളങ്ങിയില്‍ കാറ്ററിങ് സ്ഥാപനത്തിലായിരുന്നു മേരിക്ക് ജോലി. ഭര്‍ത്താവ് സെബാസ്റ്റ്യന് വഞ്ചിനിര്‍മാണം. ലോക്ഡൗണ്‍ തുടങ്ങിയശേഷം രണ്ടുപേര്‍ക്കും പണിയില്ല. കഴിഞ്ഞയാഴ്ച തൊഴിലുറപ്പില്‍ മേരിക്ക് ഏതാനും ദിവസം മാത്രം പണികിട്ടി. അതില്‍നിന്നു കിട്ടിയ പണത്തില്‍ 200 രൂപ അവര്‍ മാറ്റിവെച്ചു.

ആ പണത്തില്‍ നിന്നുമാണ് മേരി ദുരിതബാധിതര്‍ക്കും സഹായമായി നല്‍കിയത്. മേരിയുടെ നല്ലമനസ്സിനെ വാഴ്ത്തുകയാണ് ഇന്ന് കേരളക്കര. കണ്ണമാലിയില്‍നിന്ന് പോലീസുകാരെത്തി മേരിക്ക് ചെറിയ ഉപഹാരം നല്‍കി.

Exit mobile version