കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു, നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അണക്കെട്ടുകളുടെ താഴെയുള്ള നദിക്കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത തുടരണം

തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ ശക്തികുറഞ്ഞു. ഇന്ന് യെല്ലോ അലേര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാല് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ഈ മാസം 1 മുതല്‍ ഇന്നലെ വരെ 476 മില്ലീമിറ്റര്‍ മഴ സംസ്ഥാനത്ത് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും കാരണമായത്. ഇപ്പോള്‍ ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്; കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.

മഴ കുറഞ്ഞെങ്കിലും ഇപ്പോഴും താഴ്ന്ന പ്രദേശങ്ങളില്‍ പലതും വെള്ളത്തിലാണ്. ആഗസ്ത് മാസത്തില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ ഈ പത്ത് ദിവസത്തില്‍ ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അണക്കെട്ടുകളുടെ താഴെയുള്ള നദിക്കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം.

മഴ കുറഞ്ഞെങ്കിലും കടലാക്രമണം രൂക്ഷമാണ്. 686 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്തുള്ളത്. 6,967 കുടുംബങ്ങളിലെ 22,830 പേരെ കാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.മലയോര മേഖലയിലും തീരദേശത്തുള്ളവരും ജാഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട്.

Exit mobile version