മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി, 138 ല്‍ എത്തും മുന്നേ തുറക്കുകയാണ് സുരക്ഷിതമെന്ന് ജില്ല കളക്ടര്‍, പെരിയാറിന്റെ തീരത്തു കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിക്കും

ഇടുക്കി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. മിക്ക നദികളിലെയും ജലനിരപ്പ് ഉയര്‍ന്ന് പല സ്ഥലങ്ങളും വെള്ളത്തിലായി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. 136.35 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഇതോടെ അണക്കെട്ടിന്റെ സ്പില്വേ ഷട്ടറുകളിലേക്ക് വെള്ളമൊഴുകിയെത്തിത്തുടങ്ങി.

അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പെരിയാറിന്റെ തീരത്തു കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിക്കും. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ഡാം തുറന്നുവിടണമെന്നാണ് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നത്. അതേസമയം, തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് ജാഗ്രതാനിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കും.

വണ്ടിപ്പെരിയാര്‍, വള്ളക്കടവ് മുതല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുക. ഏകദേശം 500 കുടുംബങ്ങളിലെ 1700 ഓളം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിക്കുക. കഴിഞ്ഞ ദിവസം രാത്രിയാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി ആയി ഉയര്‍ന്നത്.

ജലനിരപ്പ് 138 ല്‍ എത്തും മുന്നേ തുറക്കുകയാണ് സുരക്ഷിതമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശ് പറഞ്ഞു. ഇത് സംബന്ധിച്ച് കത്ത് തമിഴ്‌നാടിന് നല്കും. പ്രദേശത്തുള്ള കുറച്ചാളുകളെ കാമ്പുകളിലേക്ക് മാറിയിട്ടുണ്ടെന്നും ഡാം തുറക്കേണ്ടി വന്നാല്‍ പകല്‍ തന്നെയാകും തുറക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version