പള്ളി വികാരിയെ പൗരോഹിത്യത്തിൽ നിന്നും പുറത്താക്കി മലങ്കര ഓർത്തഡോക്‌സ് സഭ

കമ്പളക്കാട്: വയനാട് ബത്തേരിയിൽ ഭർത്താവുമായുള്ള വഴക്ക് തീർക്കാൻ മധ്യസ്ഥം വഹിക്കണമെന്ന അപേക്ഷയുമായി എത്തിയ യുവതിയെ പീഡനത്തിന് ഇരയാക്കി വൈദികൻ. ഇയാളെ മലങ്കര ഓർത്തഡോക്‌സ് സഭ പുറത്താക്കി. കുടുംബ വഴക്കിന് പരിഹാരം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച പള്ളി വികാരി വയനാട് ബത്തേരി താളൂർ സ്വദേശിയായ ഫാദർ ബാബു വർഗീസ് പൂക്കോട്ടിലിനെയാണ് മലങ്കര ഓർത്തഡോക്‌സ് സഭ പുറത്താക്കിയത്. ഇയാളെ പൗരോഹിത്യ അധികാരാവകാശങ്ങളിൽ നിന്നും മാനന്തവാടി കമ്മന സെൻറ് ജോർജ്ജ് താബോർ ഓർത്തഡോക്‌സ് പള്ളി വികാരി സ്ഥാനത്ത് നിന്ന് വൈദികനെ മാറ്റിയതായും ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രപൊലീത്ത അറിയിച്ചു.

പൗരോഹിത്യത്തിന് നിരക്കാത്ത രീതിയിൽ പള്ളി വികാരി ജീവിക്കുകയും ക്രിമിനൽ കേസിൽ പ്രതിയാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടിയെന്ന് സഭ അറിയിച്ചു. കേണിച്ചിറയിൽ ഇയാൾ നടത്തിവരുന്ന ഡി അഡിക്ഷൻ സെന്ററുമായി സഭക്കോ ഭദ്രാസനത്തിനോ യാതൊരുവിധ ബന്ധമില്ലെന്നും സഭയുടെ അംഗീകാരമില്ലാതെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നതെന്നും ബത്തേരി ഭദ്രാസനാധിപൻ വ്യക്തമാക്കി.

ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ കുടുംബ വഴക്ക് കൗൺസിലിങിലൂടെ പരിഹരിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് വൈദികൻ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയെ തുടർന്ന് ബാബു വർഗീസ് പൂക്കോട്ടിലിനെ കമ്പളക്കാട് സി ഐ എംവി പളനിയും സംഘവും അറസ്റ്റ് ചെയ്തിരുന്നു. ഫാമിലി കൗൺസിലർ കൂടിയായ വൈദികൻ പരാതിക്കാരിയായ യുവതിയും ഭർത്താവും തമ്മിലുള്ള കുടുംബ വഴക്ക് പരിഹരിച്ച് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും തുടർന്ന് യുവതിയെയും ഭർത്താവിനെയും തമ്മിൽ കൂടുതൽ അകറ്റുകയും ചെയ്ത ശേഷം ബലാത്സംഗം ചെയ്തതായാണ് പരാതി. താമസ സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയ വൈദികൻ യുവതിയെ ബലാൽസംഗം ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിരുന്നു.

Exit mobile version