രാജ്യസഭ തെരഞ്ഞെടുപ്പ്; ശ്രേയാംസ് കുമാറിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു; വ്യാഴാഴ്ച പത്രിക നല്‍കും

തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാര്‍ എല്‍.ഡി.എഫ് രാജ്യസഭ സ്ഥാനാര്‍ഥിയാവും. എല്‍ജെഡി സംസ്ഥാനനിര്‍വാഹകസമിതി സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു. ഞായറാഴ്ച ചേര്‍ന്ന എല്‍ജെഡി നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. വ്യഴാഴ്ച പത്രിക നല്‍കും.

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കുന്നത് രാഷ്ട്രീയ തിരിച്ചടിയാകും എന്നു വിലയിരുത്തലിലാണ് യുഡിഎഫ് മത്സരിക്കാന്‍ തീരുമാനിച്ചത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് ഇടതുമുന്നണിയ്ക്ക് വിജയം ഉറപ്പാണ്.

എംപി വീരേന്ദ്രകുമാര്‍ മരിച്ച ഒഴിവിലാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ മാസം 24 നാണ് വോട്ടെടുപ്പ് നടക്കുന്നത്. വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് മെയ് 25 മുതല്‍ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ജയിക്കുന്നയാള്‍ക്ക് 2022 ഏപ്രില്‍ രണ്ടാം തിയതിവരെ എംപിയായി തുടരാം.

Exit mobile version